ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമെന്ന് രാഹുൽ ഈശ്വർ; സ്വന്തം കേസിൽ പ്രതിഷേധിച്ച് രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാക്കുറ്റം ആരോപിക്കപ്പെട്ട ദിലീപിനെ വെറുതെവിട്ടതിൽ വളരെയധികം സന്തോഷം എന്ന് രാഹുൽ ഈശ്വർ. പുരുഷന്മാരെ കള്ളക്കേസിൽ പെടുത്തുമ്പോൾ മാധ്യമങ്ങൾ ഇടപെടണമെന്നും രാഹുൽ പ്രതികരിച്ചു. കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുലിന്റെ ഈ പ്രതികരണം. നാളെ രാവിലെ 11 മണി വരെയാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്
അതേസമയം, നിരാഹാരം അവസാനിപ്പിച്ചതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ കിഡ്‌നിക്ക് പ്രശ്നമാകുമെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് അവസാനിപ്പിച്ചതെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അഞ്ചു ദിവസം ഭക്ഷണമില്ലാതെയും നാലുദിവസം വെള്ളമില്ലാതെയുമാണ് കിടന്നത്. സ്റ്റേഷൻ ജാമ്യം തരേണ്ട കേസിലാണ് 11 ദിവസമായി ജയിലിൽ ഇട്ടിരിക്കുന്നത്. തന്റെ 11 കിലോ കുറഞ്ഞെന്നും രാഹുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുൽ ഈശ്വറിന്റെ ജാമ്യം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ നിരാഹാര സമരം അവസാനിപ്പിച്ചത്. ‘തനിക്ക് വിശക്കുന്നു’ എന്ന് ഉദ്യോഗസ്ഥരോട് പറയുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണ വാങ്ങി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിടുകയും അപമാനിക്കുകയും ചെയ്ത കേസിലാണ് തിരുവനന്തപുരം സൈബർ പോലീസ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here