മോദിക്ക് ട്രംപിനെ ഭയം; വിമർശനവുമായി രാഹുൽ ഗാന്ധി

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പുനൽകിയെന്ന യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ വിമർശങ്ങളുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദിക്ക് ട്രംപിനെ ഭയമാണ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പറയാൻ മോദി ട്രംപിനെ അനുവദിച്ചിരിക്കുന്നു, എന്ന് രാഹുൽ മോദിയെ പരിഹസിച്ചു. ഇന്ത്യൻ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ട്രംപിനെ മോദി അനുവദിക്കുകയാണ്. ട്രംപിൻ്റെ അവകാശവാദങ്ങളെ തിരുത്താൻ മോദി തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി എക്‌സിൽ എഴുതി. ട്രംപിനുള്ള മറുപടിയായി ഇന്ത്യൻ ധനകാര്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം റദ്ദാക്കണം, ഷാം എൽ-ഷെയ്ഖ് ഉച്ചകോടിയിൽ നിന്ന് ഇന്ത്യ പിന്മാറണം എന്നിങ്ങനെയുള്ള ആവശ്യങ്ങളും രാഹുൽ മുന്നോട്ട് വച്ചു.
Also Read : ട്രംപിനെ അഭിനന്ദിച്ച് മോദി; ‘ഗാസയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ പ്രധാനം’
വിഷയത്തിൽ പരോക്ഷമായി ട്രപിന്റെ വാദം തള്ളി കൊണ്ട് കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ എണ്ണ ഇറക്കുമതി നയം രൂപീകരിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇന്ധനത്തിൻ്റെ ലഭ്യതയും വില കുറവും മാത്രമാണ് ഇന്ത്യയുടെ ഇറക്കുമതി തീരുമാനങ്ങളെ നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്നാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ മാധ്യമങ്ങളോട് പറഞ്ഞത്. ട്രംപിൻ്റെ അവകാശവാദങ്ങളെ പൂർണ്ണമായും നിഷേധിക്കാതെ, ഇന്ത്യയുടെ ഇറക്കുമതി നയത്തിൻ്റെ അടിസ്ഥാന തത്വം എന്താണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.
വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് തനിക്ക് നൽകിയ ഉറപ്പ് നൽകിയെന്ന് വെളിപ്പെടുത്തിയത്. ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും, എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള മുൻ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു എന്നും ട്രംപ് പറഞ്ഞു. നിലവിലെ ഇന്ത്യൻ തീരുമാനം നിർണായകമായ ചുവടുവയ്പ്പാണെന്നുമാണ് ട്രംപ് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here