‘തമിഴ് ശബ്ദത്തെ അടിച്ചമർത്താൻ മോദിക്ക് കഴിയില്ല’! ‘ജനനായകൻ’ റിലീസ് വൈകുന്നതിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് ചെയ്യുന്നതിന് കേന്ദ്ര സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് തമിഴ് സംസ്കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘ജനനായകൻ എന്ന സിനിമയെ തടയാനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്കാരത്തിന് നേരെയുള്ള ആക്രമണമാണ്. മിസ്റ്റർ മോദി, തമിഴ് ജനതയുടെ ശബ്ദത്തെ അടിച്ചമർത്താൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല,’ എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായാണ് ജനനായകൻ പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ജനുവരി 9ന് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡിൽ ചിത്രം കുടുങ്ങിയതാണ് റിലീസ് വൈകാൻ കാരണമായത്.
സിനിമ പരിശോധിച്ച കമ്മിറ്റി 27 കട്ടുകളാണ് നിർദ്ദേശിച്ചത്. സിനിമാ പ്രവർത്തകർ ഈ മാറ്റങ്ങൾ വരുത്തുകയും ഡിസംബർ 22ന് ചിത്രത്തിന് ‘U/A’ സർട്ടിഫിക്കറ്റ് നൽകാമെന്ന് ബോർഡ് അറിയിക്കുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റ് നൽകുന്നതിന് പകരം ഒരു പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ വീണ്ടും റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചു. ഇതോടെയാണ് ജനുവരി 9ലെ റിലീസ് അനിശ്ചിതത്വത്തിലായത്.
തുടർന്ന്, സിനിമയുടെ അണിയറപ്രവർത്തകർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സിനിമയ്ക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും മണിക്കൂറുകൾക്കകം ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. നിലവിൽ സിനിമാ പ്രവർത്തകർ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള ചിത്രമായതിനാൽ മനഃപൂർവ്വം തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ആരാധകരുടെയും രാഷ്ട്രീയ വൃത്തങ്ങളുടെയും ആരോപണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here