ബിജെപി നേതാവ് കൊല്ലുമെന്ന് വിളിച്ചുപറയും, പിണറായി സര്‍ക്കാര്‍ സംരക്ഷിക്കും!! ഇന്ത്യാ മുന്നണിയില്‍ അസ്വാരസ്യം

രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കുമെന്ന് പറഞ്ഞ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്ത സിപിഎം സര്‍ക്കാരിന്റെ നടപടി ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്ന തലത്തിലേക്ക് നീങ്ങുന്നു. ചാനല്‍ ചര്‍ച്ചക്കിടയിലാണ് ബിജെപി വക്താവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ നിറയൊഴിക്കുമെന്ന് ഭീഷണി മുഴക്കിയത്. ഈ മാസം 27ന് ന്യൂസ് 18 മലയാളം ചാനലിലെ ചര്‍ച്ചയിലായിരുന്നു വധഭീഷണി.

“ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെ പോലെ ഇവിടെ ജനങ്ങള്‍ കൂടെയുണ്ടായിരുന്നില്ല. ഇന്ത്യാ മഹാരാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കൂടെ ജനങ്ങള്‍ ഒപ്പമുണ്ട്. അതുകൊണ്ട് അങ്ങനെ ഒരു മോഹവുമായി രാഹുല്‍ ഗാന്ധി ഇറങ്ങിത്തിരിച്ചാല്‍ നെഞ്ചത്ത് വെടിയുണ്ട വീഴും… ഒരു സംശയവും വേണ്ട” ഇതായിരുന്നു പ്രിന്റു മഹാദേവിന്റെ വിവാദ പരാമര്‍ശം. സൈബര്‍ ഇടങ്ങളിലെ കമന്റുകളുടെ പേരില്‍ കേസെടുക്കുന്ന പിണറായി പോലീസ് ഇത് കേട്ടതായി നടിച്ചില്ല.
ALSO READ : രാഹുൽ ഗാന്ധിയുടെ ജീവന് വിലയില്ലേ; സഭ വിട്ടിറങ്ങി പ്രതിപക്ഷം
നിയമസഭയില്‍ ഇന്ന് ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവിനെതിരെ കൊലവിളി പ്രസംഗം നടത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ബിജെപി – സിപിഎം ഒത്തുതീര്‍പ്പ് ഉണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. സിപിഎം ഇന്ത്യാ മുന്നണിയുടെ ഭാഗമായിട്ടും ബിജെപിക്കെതിരെ ക്രിയാത്മകമായി നീങ്ങാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

പ്രിന്റു മഹാദേവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിട്ടും ഒന്നോ രണ്ടോ എഫ്‌ഐആര്‍ ഇട്ടതല്ലാതെ അറസ്റ്റിലേക്ക് കടന്നിട്ടില്ല. ആലപ്പുഴ ഡിസിസി സെക്രട്ടറി അഡ്വ ബിപിന്‍ മാമ്മനാണ് ആദ്യം പരാതി നല്‍കിയത്. ഞായറാഴ്ച (28ന്) തന്നെ തിരുവല്ല എസ്എച്ച്ഒയ്ക്ക് അദ്ദേഹം പരാതി നല്‍കിയിരുന്നു. പിന്നീട് കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍, അഡ്വ പ്രാണ കുമാര്‍ തുടങ്ങിയവരും പരാതി നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന കൊലവിളി അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ പ്രാധാന്യമില്ലാത്ത വിഷയമെന്ന സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ പരാമര്‍ശം തന്നെ സര്‍ക്കാര്‍ അനുമതിയോടെയാണ് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സഭയ്ക്ക് പുറത്ത് ബിജെപി – സിപിഎം കൂട്ടുകെട്ടിന്റെ ഭാഗം എന്ന നിലയില്‍ പ്രചരണം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here