ഇലക്ഷന്‍ കമ്മിഷന്റെ നിഷ്പക്ഷതയെ തന്നെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി; ബിജെപിയെ ഞെട്ടിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്

രാജ്യത്തെ ഏറ്റവും പവിത്രവും അഴിമതിരഹിതവുമെന്ന് വിശ്വസിച്ചിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഴിമതിയും ക്രമക്കേടും നിറഞ്ഞ ഭരണഘടനാ സ്ഥാപനമാണെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം ഞെട്ടിക്കുന്നത്. ഇലക്ഷന്‍ കമ്മിഷന്റെ ചരിത്രത്തിലാദ്യമായാണ് നിഷ്പക്ഷത ഇത്രമേല്‍ ഗൗരവമായി ചോദ്യം ചെയ്യപ്പെടുന്നത്. ബിജെപിക്ക് ഒപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന ആരോപണം കമ്മിഷനെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനേയും വേട്ടയാടും.
സ്വാതന്ത്ര്യം ലഭിച്ച ശേഷം 1951 ഒക്ടോബര്‍ 25 മുതല്‍ 1952 ഫെബ്രുവരി 21 വരെയുള്ള കാലയളവിലാണ് രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നത്. അന്നു മുതല്‍ 2014 വരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇലക്ഷന്‍ കമ്മീഷനെതിരെ കാര്യമായ ആരോപണങ്ങളോ ആക്ഷേപങ്ങളോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഉന്നയിച്ചിരുന്നില്ല. 1977 ല്‍ അടിയന്തരാവസ്ഥയുടെ ഭീകരതയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും ക്രമക്കേടു നടന്നതായി ആരോപണം ഉയര്‍ന്നില്ല. എന്നാല്‍ 2014ന് ശേഷം നടന്ന പല പൊതുതിരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പല തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി ബിജെപിയിതര പാര്‍ട്ടികള്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആക്ഷേപങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയായിരുന്നു പതിവ്.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും മറ്റു കമ്മിഷണര്‍മാരെയും നിയമിക്കുന്നതിന് നിഷ്പക്ഷ സമിതിയെയോ കൊളീജിയത്തെയോ നിയോഗിക്കണമെന്ന ആവശ്യം സജീവമായിരിക്കുകയാണ്. ഭരണകൂടത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ ചേര്‍ന്ന് കമ്മിഷനെ തിരഞ്ഞെടുക്കുന്നതിലെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ഈ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി കമ്മീഷനെതിരെ ആറ്റം ബോംബ് പൊട്ടിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. വ്യാജവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായും രാഹുല്‍ ആരോപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here