രാഹുലിന്റെ ഔദ്യോഗിക വസതി തയ്യാറായി; പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പ് താമസം മാറ്റിയേക്കും

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റും. അടുത്ത മാസം 21ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി സുനേരി ബാഗിലെ അഞ്ചാം നമ്പര്‍ വസതിയില്‍ താമസം തുടങ്ങുമെന്നാണറിയുന്നത്. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് മന്ത്രിയുടെ പദവിയുള്ളതിനാല്‍ ടൈപ്പ് എട്ട് ബംഗ്ലാവാണ് നല്‍കിയിരിക്കുന്നത്.

2004 ല്‍ അമേഠിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തുഗ്ലക് റോഡിലെ 12 നമ്പര്‍ വസതിയിലായിരുന്നു രാഹുല്‍ താമസിച്ചിരുന്നത്. മോദി എന്ന് പേരുളളവരെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2023 മാര്‍ച്ച് 23ന് രണ്ട് വര്‍ഷം തടവു വിധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2023 ഏപ്രില്‍ 22ന് വീട് ഒഴിഞ്ഞ് അമ്മ സോണിയ ഗാന്ധിക്കൊ പ്പമായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സുപ്രീം കോടതി സൂറത്ത് കോടതി വിധി സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് തുഗ്ലക് റോഡിലെ ഔദ്യോഗിക വസതി തിരികെ അനുവദിച്ചെങ്കിലും അദ്ദേഹം അങ്ങോട്ടേക്ക് പിന്നീട് താമസം മാറിയില്ല. നമ്പര്‍ 10 ജന്‍പഥ് റോഡിലെ വസതിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
സുനേരി ബാഗിലെ അഞ്ചാം നമ്പര്‍ വസതിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ നാരായണ സ്വാമിയാണ് നേരത്തെ താമസിച്ചിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here