SV Motors SV Motors

മണിപ്പൂർ കത്തുമ്പോള്‍ പരേഡില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി; മോദിയുടെ ഫ്രാന്‍സ് സന്ദർശനത്തില്‍ ആഞ്ഞടിച്ച് രാഹുല്‍

മണിപ്പൂരിലെ കലാപ സാഹചര്യം രൂക്ഷമായി തുടരുന്നതിനിടയിലും പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂർ കത്തുന്നതിനിടയിലും യൂറോപ്യൻ പാർലമെന്റ് ഇന്ത്യയുടെ ആഭ്യന്തര വിഷയം ചർച്ചയാക്കുന്നതിനിടയിലും ഒരു വാക്കുപോലും ഉരിയാടാത്ത പ്രധാനമന്ത്രി, റാഫേല്‍ ഇടപാട് വഴി നേടിയ ടിക്കറ്റില്‍ ബാസ്റ്റിൽ ഡേ പരേഡില്‍ പങ്കെടുക്കുന്നു എന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയായിരുന്നു വിമർശനം.

മണിപ്പൂരിലെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസർക്കാർ പൂർണ്ണപരാജയമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും വിമർശിച്ചു. നമുക്ക് ചന്ദ്രനിലേക്ക് പോകാം, പക്ഷേ നമ്മുടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ കെെകാര്യം ചെയ്യാന്‍ കഴിയുന്നില്ല, അല്ലെങ്കില്‍ അതിന് സർക്കാർ തയ്യാറല്ലെന്നും കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യൂറോപ്യൻ പാർലമെന്റിൽ പാസാക്കിയ പ്രമേയം വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി തള്ളി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലെ ഇത്തരം ഇടപടലുകള്‍ അംഗീകരിക്കാനാവില്ല എന്നായിരുന്നു അരിന്ദം ബാഗ്ചിയുടെ പ്രതികരണം.

അതേസമയം, ഫ്രാന്‍സ് സന്ദർശനത്തില്‍ രാജ്യത്തെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി ലിജിയന്‍ ഓഫ് ഓണർ പ്രധാന മന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ഫ്രാന്‍സുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള സുപ്രധാന തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദർശനത്തിലുണ്ടായത്.

ഇരു രാജ്യങ്ങളുടെയും സംയുക്ത സഹകരണത്തോടെ യുദ്ധവിമാന എഞ്ചിന്‍ നിർമ്മാണ പദ്ധതിയാരംഭിക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ സഫ്രാനും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ചേർന്നായിരിക്കും ഈ സംയുക്ത പദ്ധതിക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുക. പദ്ധതിയുടെ റോഡ് മാപ്പ് ഈ വർഷം അവസാനത്തോടെ തയ്യാറാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top