ഒളിവിൽ നിന്നും പുറത്തേക്ക്; വോട്ട് രേഖപ്പെടുത്തി രാഹുൽ; ബൊക്കെ നൽകി സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകർ

ബലാത്സംഗ കേസിൽ ഒളിവിലായിരുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് രേഖപ്പെടുത്താൻ പുറത്തുവന്നു. പാലക്കാട് കുന്നത്തൂർമേടിലെ ബൂത്തിലാണ് വോട്ട് ചെയ്തത്. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്.

എംഎൽഎ വാഹനത്തിലാണ് രാഹുൽ എത്തിയത്. ബൊക്കെ നൽകിയാണ് കോൺഗ്രസ് പ്രവത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. വൻ പ്രതിഷേധമാണ് രാഹുലിനെതിരെ നടന്നത്. കോഴിയുടെയും തൊട്ടിലിന്റെയും ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചത്. എല്ലാം കോടതിക്ക് മുന്നിൽ ഉണ്ടെന്നും സത്യം ജയിക്കും എന്നും രാഹുൽ പറഞ്ഞു. പാലക്കാട് തന്നെ ഇനി ഉണ്ടാകും എന്ന് പറഞ്ഞ രാഹുൽ ഒളിവിലായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല.

രാഹുലിനെതിരായ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ എംഎൽഎ ഒളിവില്‍ നിന്ന് പുറത്തുവരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രണ്ടാമത്തെ ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും, ഉഭയകക്ഷി ബന്ധമായിരുന്നു ഇവർ തമ്മിലുണ്ടായിരുന്നതെന്ന സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന രാഹുലിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. എങ്കിലും, ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികലോടെയാണ് ജാമ്യം അനുവദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top