‘ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതി; ബന്ധം ഉഭയസമ്മതപ്രകാരം’; പീഡനക്കേസിൽ ജാമ്യത്തിനായി രാഹുൽ കോടതിയിലേക്ക്

മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലാണ് രാഹുൽ ഉള്ളത്. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും തിരുവല്ലയിലെ ഹോട്ടൽ മുറി ബുക്ക് ചെയ്തത് യുവതിയാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകർ ജാമ്യഹർജിയിൽ വാദിക്കുന്നത്.
Also Read : അഴിയെണ്ണാൻ മാങ്കൂട്ടത്തിൽ! മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യമില്ല; എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡിൽ
യുവതി വിവാഹിതയാണെന്ന വിവരം അറിയാതെയാണ് സൗഹൃദത്തിലായതെന്നും പ്രതിഭാഗം കോടതിയെ അറിയിക്കും. സമാനമായ മറ്റൊരു കേസിൽ അറസ്റ്റ് തടഞ്ഞ കോടതി ഉത്തരവ് നിലനിൽക്കെ, വീണ്ടും മറ്റൊരു പരാതിയിലൂടെ അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളാണെന്നും രാഹുലിന്റെ അഭിഭാഷകർ ആരോപിക്കുന്നു.
രാഹുലിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. രാഹുലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഫെനിക്ക് അറിയാമെന്നാണ് പൊലീസിന്റെ നിഗമനം. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിക്കുകയാണെങ്കിൽ സെഷൻസ് കോടതിയെ സമീപിക്കാനാണ് രാഹുലിന്റെ നീക്കം. അതിനിടെ, രാഹുലിനെ മാവേലിക്കര ജയിലിൽ നിന്ന് സുരക്ഷാ കാരണങ്ങളാൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here