നഗ്ന വീഡിയോയും നിർബന്ധിത ഗർഭഛിദ്രവും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട സബ് ജയിലിൽ തന്നെ തുടരും. ജാമ്യാപേക്ഷയിൽ ഇന്ന് വിശദമായ വാദം പൂർത്തിയായിരുന്നു. എന്നാൽ കേസ് ഡയറിയും പരാതിക്കാരി ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പറയുന്നത് മാറ്റിവെച്ചത്. രണ്ടാഴ്ചയായി രാഹുൽ ജയിലിൽ തുടരുന്നു.
രാഹുലിന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ ഫോൺ ഉൾപ്പെടെയുള്ള നിർണ്ണായക തെളിവുകൾ കണ്ടെത്താനുണ്ട്. കൂടാതെ, പരാതിക്കാരിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചത്. പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വസ്‌തുതയില്ലെന്നും, അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
Also Read : രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം തെറിക്കുമോ? സ്പീക്കർക്ക് റിപ്പോർട്ട് നൽകി എസ്ഐടി
വിവാഹ വാഗ്ദാനം നൽകി തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചുവെന്ന പ്രവാസി മലയാളി യുവതിയുടെ പരാതിയിലാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ സമാനമായ മറ്റ് രണ്ട് കേസുകളിലും രാഹുലിനെതിരെ പരാതികൾ ഉയർന്നിരുന്നു. രാഹുൽ തന്റെ നഗ്ന വീഡിയോകൾ രഹസ്യമായി ചിത്രീകരിച്ചുവെന്നും അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പരാതിക്കാരി ആരോപിച്ചിട്ടുണ്ട്. പീഡനത്തെത്തുടർന്ന് ഗർഭിണിയായ യുവതിയെ നിർബന്ധപൂർവ്വം ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here