രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസവിധി; ഒടുവിൽ മൂന്നാമത്തെ ബലാത്സംഗ കേസിൽ ജാമ്യം

മൂന്നാമത്തെ ബലാത്സംഗ കേസിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 18 ദിവസത്തിന് ശേഷമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിച്ചത്. രണ്ട് ദിവസത്തെ വിശദമായ വാദത്തിന് ശേഷമാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്.
Also Read : നഗ്ന വീഡിയോയും നിർബന്ധിത ഗർഭഛിദ്രവും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്
ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എന്നാൽ പരാതിയിലെ പല കാര്യങ്ങളും വ്യാജമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കോടതി വിശദമായി പരിശോധിച്ചു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തിരുന്നു. ഒടുവിൽ ഇന്ന് കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
മൂന്നാം കേസിൽ ജാമ്യം ലഭിച്ചെങ്കിലും, രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും അതിജീവിത ആരോപിക്കുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here