രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല; നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ ഭർത്താവ് രംഗത്ത്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ താൻ നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായില്ലെന്ന് അതിജീവിതയുടെ ഭർത്താവ്. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകിയിട്ടും ഇതുവരെ മറുപടി ലഭിക്കാത്തതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.തന്റെ കുടുംബജീവിതം തകർത്ത എംഎൽഎയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, നീതിക്കായി താൻ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : ‘എന്റെ അസാന്നിധ്യം രാഹുൽ അവസരമാക്കി’; പരാതിക്കാരിയുടെ ഭർത്താവും പരാതിയുമായി രംഗത്ത്
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് ഭർത്താവ് ആരോപിക്കുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് എംഎൽഎ ഭാര്യയെ വശീകരിച്ചുവെന്നും ഇതിലൂടെ തന്റെ ദാമ്പത്യം തകർന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 84 പ്രകാരം രാഹുലിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
ഒരു എംഎൽഎ എന്ന നിലയിൽ പാലിക്കേണ്ട മര്യാദകൾ കാട്ടാതെയാണ് രാഹുൽ പെരുമാറിയതെന്നും, ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്ത വ്യക്തി ഇപ്പോഴും പൊതുസമൂഹത്തിൽ വിലസി നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ഇടപെട്ടതെന്ന രാഹുലിന്റെ കോടതിയിലെ വാദത്തെ ഭർത്താവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. “പ്രശ്നം പരിഹരിക്കാനാണ് വന്നതെങ്കിൽ എന്തുകൊണ്ട് ഭർത്താവായ എന്നെക്കൂടി വിളിച്ച് സംസാരിച്ചില്ല? ഒളിച്ചും പാത്തുമാണോ ഒരു എംഎൽഎ കുടുംബപ്രശ്നങ്ങൾ തീർക്കുന്നത്?” അദ്ദേഹം ചോദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here