അവന്തികയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രാഹുൽ; പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചിട്ടില്ല; രാജിയില്ലെന്ന് സൂചന

വിവാദങ്ങൾക്കിടെ വീണ്ടും പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ എത്തി. താൻ ഒരു രീതിയിലും പാർട്ടിയെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് രാഹുൽ ആദ്യം തന്നെ വ്യക്തമാക്കിയത്. തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ ട്രാൻസ് വുമൺ അവന്തികയുടെ ചാറ്റ് വിവരങ്ങളെ കുറിച്ചുള്ള മറുപടി മാത്രമാണ് രാഹുൽ പറഞ്ഞത്.
അവന്തിക തന്റെ സുഹൃത്താണ്. വിവാദങ്ങൾ ഉയരുന്നതിന് മുൻപ് തന്നെ അവർ തന്നെ വിളിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ തന്റെ പേര് പറഞ്ഞത് അവന്തിക മാത്രമാണ്. ഒരു മാധ്യമപ്രവർത്തകൻ തന്നെ വിളിച്ചിരുന്നുവെന്നും രാഹുൽ മോശമായ രീതിയിൽ പെരുമാറിയോ എന്ന് ചോദിച്ചിരുന്നു എന്നും അവന്തിക പറഞ്ഞു. അപ്പോൾ അവന്തികയോട് അങ്ങനെയെന്തെങ്കിലും പരാതിയുണ്ടോയെന്ന് തിരിച്ചും താൻ ചോദിച്ചിരുന്നു. ചേട്ടനെ ആരോ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് അവന്തിക അപ്പോൾ പറഞ്ഞത്. മാധ്യമപ്രവർത്തകനും അവന്തികയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
അവന്തികയോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ വൈകിയതാണ് ഇതിനെല്ലാം കാരണം. അതുകൊണ്ട് തെറ്റ് ചെയ്തെന്ന് പറയാൻ സാധിക്കില്ല. താൻ കാരണം ഒരിക്കലും പാർട്ടി പ്രവർത്തകർക്ക് തലകുനിക്കേണ്ടി വരില്ല. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ജനങ്ങളോടും പാർട്ടിയോടും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. പാർട്ടിക്കുവേണ്ടി എപ്പോഴും പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവർ ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാതെയാണ് രാഹുൽ മടങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here