കാംബ്‌ളിയും മാങ്കൂട്ടത്തിലും, രണ്ട് ദുരന്ത നായകര്‍; പ്രതിഭയും കഴിവും കൊണ്ട് അമ്പരിപ്പിച്ചവര്‍ സ്വയം കുഴിതോണ്ടി ഒടുങ്ങി

പ്രതിഭകൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയും ആരാധകരെ ത്രസിപ്പിക്കുകയും, അതേ വേഗത്തില്‍ കരിയര്‍ എരിഞ്ഞടങ്ങുകയും ചെയ്ത വിനോദ് കാംബ്ലിയുടേതിന് സമാനമാണ് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതം. കുത്തഴിഞ്ഞ ജീവിതവും പരസ്ത്രീ ബന്ധങ്ങളുമാണ് ഇരുവരുടേയും കരിയര്‍ തകര്‍ത്തത്. സ്വന്തം കഴിവിനേയും സാധ്യതകളേയും ചുട്ടെരിച്ച ദുരന്ത നായകര്‍. പ്രശസ്തിയുടെ എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് സ്വയം നിര്‍മ്മിച്ച പാതാളത്തിലേക്ക് ചാടിയ സെലിബ്രറ്റികള്‍.

ലോക ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാറായ സച്ചിന്‍ ടെണ്ടുൽക്കറിനൊപ്പം സ്‌കൂള്‍ കാലത്ത് ക്രിക്കറ്റ് കളിച്ചു വളര്‍ന്ന വിനോദ് കാംബ്‌ളി, പ്രതിഭകൊണ്ടും ബാറ്റിംഗ് ശൈലി കൊണ്ടും സച്ചിനേക്കാള്‍ ഒരുപടി മുന്നിലായിരുന്നു. കരിയറിലെ മൂന്നാമത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 224 റണ്‍സും നാലാം ടെസ്റ്റില്‍ സിംബാബ്വേക്കെതിരെ 227 റണ്ണും നേടിയ ക്രിക്കറ്റ് ആരാധകരെ അമ്പരിപ്പിച്ച വണ്ടര്‍ ബോയിയുടെ തുടക്കം സ്വപ്നതുല്യമായിരുന്നു. പെട്ടെന്നുണ്ടായ സൂപ്പര്‍ സ്റ്റാര്‍ഡം ഈ യുവപ്രതിഭയെ പാര്‍ട്ടികളിലെ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ബോളിവുഡ് നടിമാരുടേയും സഹയാത്രികനാക്കി മാറ്റി. ക്രിക്കറ്റിലെ ഏകാഗ്രതയും അച്ചടക്കവും മെല്ലെ വഴിമാറി.

ALSO READ : രാഹുല്‍ മാങ്കൂട്ടത്തിലിനോട് സംസാരിക്കാന്‍ പോലും തയാറാകാതെ നേതാക്കള്‍; പ്രതിരോധം ഒരുക്കുന്നത് ഷാഫി മാത്രം

കാംബ്‌ളിയുടെ അതിശയിപ്പിക്കുന്ന കരിയര്‍ കേവലം 17 ടെസ്റ്റുകള്‍ കൊണ്ട് അവസാനിച്ചു. ആദ്യ ഏഴ് ടെസ്റ്റുകളില്‍ നിന്ന് 793 റണ്‍സ് നേടിയ കാംബ്‌ളിയുടെ ബാറ്റിംഗ് ശരാശരി 113.52, ഇന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കാര്‍ഡ്. പിന്നീട് കളിച്ച 10 ടെസ്റ്റുകളില്‍ നിന്ന് അയാള്‍ നേടിയത് വെറും 291 റണ്‍സ് മാത്രം. ഏകദിനത്തില്‍ ആദ്യ 51 കളികളില്‍ നിന്ന് 1552 റണ്‍ നേടിയ ഈ ഇടംകയ്യന്‍ പിന്നീട് 53 ഏകദിനത്തില്‍ നിന്ന് നേടിയത് വെറും 955 മാത്രം. ക്രീസിന് പുറത്തെ കടിഞ്ഞാണില്ലാത്ത ജീവിതം അയാളെ മറ്റൊരാളാക്കി മാറ്റി.

ലഹരിക്കടിമയായ കാംബ്‌ളി കാട്ടിക്കൂട്ടിയ പേക്കൂത്തുകളും പരസ്ത്രീ ബന്ധങ്ങളും അങ്ങാടിപ്പാട്ടായി. രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചെങ്കിലും ഉപദ്രവം സഹിക്കാനാവാതെ അവരെല്ലാം ഇയാളെ ഉപേക്ഷിച്ചു പോയി. ഇപ്പോള്‍ നിരന്തരം അസുഖങ്ങള്‍ നിമിത്തം കിടപ്പിലാണ്. ബിസിസിഐ നല്‍കുന്ന 30,000 രൂപയുടെ പെന്‍ഷന്‍ കൊണ്ട് തട്ടിമുട്ടി കഴിയുന്നു.

ALSO READ : തൊലിപ്പുറ ചികിത്സ ഫലിക്കില്ല; രാഹുലിന്റെ സസ്‌പെന്‍ഷന്‍ കൊണ്ട് കോണ്‍ഗ്രസിന് രക്ഷപെടാനാവില്ല

കോണ്‍ഗ്രസ് രാഷ്ടീയത്തില്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു രാഹുലിൻ്റെ വളര്‍ച്ച. കെഎസ്‌യുവിലൂടെ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഷാഫി പറമ്പിലിന്റെ വിശ്വസ്തനായതോടെ കരിയര്‍ റോക്കറ്റ് വേഗത്തില്‍ പൊങ്ങി. ഷാഫിയുടെ ശുപാര്‍ശയില്‍ ചാനല്‍ ചര്‍ച്ചകളില്‍ പോരുകോഴി കണക്കെ പാര്‍ട്ടിക്കായി പോരാടി. യുക്തിസഹമായി ഡേറ്റകളുടെ സഹായത്തോടെ സിപിഎമ്മിനേയും ബിജെപിയേയും ചാനല്‍ ഫ്‌ളോറുകളില്‍ പൊളിച്ചടുക്കി. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ സൂപ്പര്‍ സ്റ്റാറായി. കേവലം രണ്ട് വര്‍ഷം കൊണ്ട് ഉണ്ടായ രാഷ്ട്രീയ വളര്‍ച്ച അതിശയമായിരുന്നു. പാര്‍ട്ടിയുടെ വിദേശത്തെ യോഗങ്ങളില്‍ പോലും സ്റ്റാര്‍ സാന്നിധ്യമായി.

ഈ സ്റ്റാര്‍ഡമാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാവാന്‍ സഹായിച്ചത്. പ്രതിപക്ഷ നേതാവ് രൂപം കൊടുത്ത ടീം-യുഡിഎഫ് എന്ന യുവനിരയിലെ ‘അരി കൊമ്പനായി’. പാര്‍ട്ടി നേരിട്ട ഉപതിരഞ്ഞെടുപ്പുകളില്‍ രാഹുലിന്റേയും കൂട്ടുകാരുടേയും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഏറെ ഗുണം ചെയ്തുവെന്ന് പാര്‍ട്ടി പരസ്യമായി പുകഴ്ത്തുകയും ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളിലെ കുന്തമുനയായി രാഹുല്‍ തിളങ്ങി. സര്‍ക്കാര്‍ ഒരുപാട് കേസുകളില്‍ കുരുക്കി നിശബ്ദനാക്കാന്‍ നോക്കിയെങ്കിലും ഒന്നും നടന്നില്ല.

ALSO READ : വി.ഡി.സതീശന്റെ ‘മകൾ’ കോൺഗ്രസിന് തീയിട്ടു; വെന്തുരുകി യുഡിഎഫ്; സതീശ് ബ്രിഗേഡ് മറുപടി പറയേണ്ടി വരും

പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പകരം പാലക്കാട്ട് രാഹുലിന്റെ പേരിനായിരുന്നു മുന്‍തൂക്കം കിട്ടിയത്. ഈ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കലാപമുണ്ടാക്കി പാര്‍ട്ടി വിട്ട ഡോ പി സരിനെ സിപിഎം പാലക്കാട്ട് സ്ഥാനാര്‍ത്ഥിയാക്കി എങ്കിലും രാഹുലിന് മുന്നില്‍ അയാള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഷാഫിക്ക് കിട്ടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചാണ് നിയമ സഭയിലെത്തിയത്.

പിന്നെയാണ് ട്വിസ്റ്റ്…. നിയമസഭയിലും കിട്ടിയ അവസരങ്ങളില്‍ ഭരണകക്ഷിയെ വിറപ്പിച്ച് പ്രസംഗങ്ങൾ. ഇതിനെല്ലാം കയ്യടി നേടുമ്പോൾ മറുവശത്ത് വേട്ടക്കാരനെ പോലെ സ്ത്രീകള്‍ക്കായി വലവിരിച്ചു. വിവാഹ വാഗ്ദാനം നല്‍കി പലരെയും ലൈംഗികതൃപ്തിക്കായി ഉപയോഗിച്ചു. പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട രാഷ്ട്രീയ ധാര്‍മ്മികതയും നൈതികതയും ഒന്നും തനിക്ക് ബാധകമല്ലെന്ന മട്ടില്‍ ഒരു മൂരിക്കുട്ടനായി.

ലൈംഗിക അരാജകത്വത്തിന്റെ പ്രായോജകനായി ഈ ചെറുപ്പക്കാരന്‍ മാറി. നിരവധി സ്ത്രീകളുടെ പരാതികള്‍ ശബ്ദ- ദൃശ്യരൂപങ്ങളില്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ പതനവും തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിന് പിന്നാലെ വീണ്ടും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്നതോടെ കൂടുതല്‍ നടപടികള്‍ വരുമെന്നുറപ്പായി.

ALSO READ : ‘രാഹു’ അപഹാരത്തില്‍ കെഎസ്‌യുവിലെ പെണ്‍പിള്ളേര്‍ക്കും രക്ഷയില്ല; പ്രവര്‍ത്തനം നിര്‍ത്തി ഓടി; പാര്‍ട്ടി ഗ്രൂപ്പില്‍ പുതിയ വിവാദം

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട് ഒരു വര്‍ഷം തികയുംമുമ്പ് നിയമസഭാ കക്ഷിയില്‍ നിന്ന് പുറത്തായി. കഴിഞ്ഞ നവംബര്‍ നാലിനാണ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വര്‍ഷം പോലും തികയുന്നതിന് മുന്നേ തലയും കുത്തി വീണ അവസ്ഥയാണുണ്ടായത്. സംസ്ഥാന രാഷ്ടീയത്തില്‍ ഒട്ടേറെ പദവികള്‍ വഹിക്കാന്‍ കഴിവും പ്രതിഭയും ഉണ്ടായിരുന്ന യുവ നേതാവാണ് സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ഭാവിയും കരിയറും തുലച്ചത്.

കുമാരനാശാന്‍ പാടിയതുപോലെ ‘വണ്ടേ! നീ തുലയുന്നു; വീണയി വിളക്കും നീ കെടുക്കുന്നുതേ’ എന്നത് പോലെയായി കാംബ്‌ളിയുടേയും രാഹുലിന്റേയും ജീവിതങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top