ഒളിവ് ജീവിതം അവസാനിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; അപ്പീല്‍ നല്‍കി പ്രോസിക്യൂഷന്റെ ബദല്‍ നീക്കം

ബലാത്സംഗക്കേസുകളില്‍ പ്രതിയായതോടെ മുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പൊങ്ങുമെന്ന് സൂചന. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതും ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതുമാണ് ഒളിവ് ജീവിതം അവസാനിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രേരിപ്പിക്കുന്നത്. നാളെ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് എത്തി വോട്ട് ചെയ്യുമെന്നാണ് നിലവിലെ സൂചന.

പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന്റെ വോട്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി നില്‍ക്കുന്നതിന് ഇടയിലാണ് രാഹുലിന് എതിരെ ആദ്യ പരാതി എത്തിയത്. കഴിഞ്ഞ മാസം 27നാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ വിവരം അറിഞ്ഞതോടെയാണ് സുഹൃത്തായ നടിയുടെ കാറില്‍ രാഹുല്‍ മുങ്ങിയത്. അന്ന് മുതല്‍ കര്‍ണാടകയും തമിഴ്‌നാട്ടിലുമായി ഒളിവിലാണ്.

രണ്ടാമത്തെ ബലാത്സംഗ കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോസ്ഥക്ക് മുന്‍പാകെ ഹാജരായി ഒപ്പിടണം എന്ന ഉപാധിയോടെയാണ് ജാമ്യം. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം. കോടതി ഉത്തരവ് ലഭിച്ച ഉടന്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് ഇന്ന് തന്നെ ലഭിച്ചാല്‍ ഇന്ന് തന്നെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. അതല്ലെങ്കില്‍ നാളെയായിരിക്കും അപ്പീല്‍ നല്‍കുക.

ഇത് രാഹുലിന് ഒളിവില്‍ നിന്ന് പുറത്തു വരുന്നതിന് തടസമാകും. വോട്ട് ചെയ്യാനായി എത്തുന്ന സമയത്ത് മേല്‍ക്കോടതി മുന്‍കൂര്‍ ജമ്യം റദ്ദാക്കിയാല്‍ പോലീസ് അറസ്റ്റ് ചെയ്യും എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ ഒളിയിടത്തില്‍ നിന്ന് പുറത്തുവരണമോ എന്നും രാഹുലും സംഘവും ആലോചിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top