രാഹുല്‍ മാങ്കൂട്ടത്തിലിനും സിപിഎമ്മിനും നാളെ നിര്‍ണായകദിനം; കോടതി നടപടികളില്‍ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളത്തെ കോടതി നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഹുല്‍ മാങ്കൂട്ടത്തിലിനും ഏറെ നിര്‍ണായകം. ശബരിമല സ്വര്‍ണക്കൊള്ള പ്രധാന ആയുധമാക്കി സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് മുന്നേറുന്നതിന് ഇടയിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതിയുമായി യുവതി എത്തിയത്. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. വാര്‍ത്തകളില്‍ ബലാത്സംഗ പരാതിയും അതിജീവിതയുടെ മൊഴിയും നിറഞ്ഞു. ഇതോടെ സിപിഎം ആഗ്രഹിച്ചതു പോലെ ശബരില വിഷയം അടിയിലായി. എന്നാല്‍ അടഞ്ഞ അധ്യായമായില്ല.
നാളെ ഹൈക്കോടതിയില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേകസംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ പത്മകുമാര്‍ റിമാന്‍ഡില്‍ ആയപ്പോള്‍ തന്നെ സിപിഎം വലിയ രീതിയില്‍ പ്രതിസന്ധിയിലായിരുന്നു. സര്‍ക്കാരിന് ലഭിച്ച അപേക്ഷയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളി കൈമാറാന്‍ തീരുമാനം എടുത്തത് എന്ന് പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംശയനിഴലിലാണ്. അന്വേഷണ റിപ്പോര്‍ട്ടില്‍ കടകംപള്ളി സുരേന്ദ്രനെ സംബന്ധിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ സിപിഎം വിലിയ കുരുക്കിലേക്ക് വീഴും. റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതിയില്‍ നിന്ന് എന്തെങ്കിലും പരാമര്‍ശം ഉണ്ടായാലും ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ട് തന്നെ നാളത്തെ ദിനം സിപിഎമ്മിന് ഏറെ നിര്‍ണായകം എന്നുതന്നെ പറയാം.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെയാണ് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കുന്നത്. ഇതാണ് കോണ്‍ഗ്രസിന്റെ ചിന്താവിഷയം. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു എന്ന് പറയുമ്പോഴും രാഹുലിന് എതിരായ കേസില്‍ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ്. മുന്‍കൂര്‍ ജാമ്യം നിഷേധിക്കുന്ന സ്ഥിതിയുണ്ടായാല്‍ അറസ്റ്റ് അടക്കം നടപടികള്‍ വേഗത്തില്‍ ഉണ്ടാകും. ഇതോടെ സിപിഎമ്മിനെ ശബരിമല ഉന്നയിച്ച് പ്രതിരോധത്തിലാക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഏഴ് ദിവസം മാത്രമാണ് ഉള്ളത്. നാളത്തെ കോടതിയില്‍ നിന്നും വരുന്ന വാര്‍ത്തകളാകും വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യുക എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here