ബലാത്സംഗ പരാതി വെല്‍ ഡ്രാഫ്റ്റാകണം; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഫിനിഷ് ചെയ്യാന്‍ ഉറച്ച് വിഡി സതീശന്‍; കെപിസിസി പ്രസിഡന്റിന് പരസ്യവിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തമ്മിലടി തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍. ഇത്തവണ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനുമാണ് രണ്ട് അഭിപ്രായം പരസ്യമായി പറഞ്ഞ് ഏറ്റുമുട്ടന്നത്. രണ്ട് ബലാത്സംഗക്കേസുകള്‍ വന്നിട്ടും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും കെപിസിസി നേതൃത്വം ഒരുവശത്തും പ്രതിപക്ഷ നേതാവ് മറുവശത്തും നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ ഏറ്റുമുട്ടുകയാണ്. തിരഞ്ഞെടുപ്പ് ദിവസമാണെന്ന് പോലും ഓര്‍ക്കാതെയാണ് ഇതെല്ലാം നേതാക്കള്‍ നടത്തുന്നത്.
ആരോപണം വന്നപ്പോള്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും വീണ്ടും പരാതി വന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയെന്നും വീമ്പ് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ് ഈ വിരുദ്ധ അഭിപ്രായങ്ങള്‍. രാവിലെ സണ്ണി ജോസഫ് തന്നെയാണ് ഈ വിഷയം എടുത്തിട്ടത്. അനാവശ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്ന സ്വരത്തില്‍ സംസാരിച്ചു. രണ്ടാമത്തെ പരാതി ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവുമാണ്. പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയ്ന്‍ ഉണ്ട്. വെല്‍ ഡ്രാഫ്റ്റഡ് പെറ്റീഷനാണ് ലഭിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
പിന്നാലെ മുഖ്യമന്ത്രി ഈ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി. ലൈംഗിക വൈകൃത കുറ്റവാളികളെ വെല്‍ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വന്നാല്‍ പൊതുസമൂഹം അംഗീകരിക്കില്ല. ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലത്തില്‍ തങ്ങളെ അടിക്കാനുള്ള വടി സിപിഎമ്മിന് നല്‍കുകയാണ് കെപിസിസി പ്രസിഡന്റ് ചെയ്തത്.
പിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്റെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. ബലാത്സംഗ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്നും അതില്‍ ഒരു തെറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും സതീശന്‍ പറഞ്ഞു. ഫലത്തില്‍ പാര്‍ട്ടും പ്രതിപക്ഷ നേതാവും രണ്ട് അഭിപ്രായം പറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി.
പുറത്താക്കിയിട്ടും കോണ്‍ഗ്രസിനുള്ളില്‍ കെപിസിസി പ്രസിഡന്റ് പോലും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് ദിവസം ഉന്നയിക്കാതെ ഈ വിഷയം പറഞ്ഞ് ഏറ്റുമുട്ടുകയാണ് നേതാക്കള്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here