രണ്ട് മുഖ്യമന്ത്രിമാരെ നല്‍കിയ യൂത്ത് കോണ്‍ഗ്രസ്; ഇപ്പോള്‍ ബലാത്സംഗ വീരനെ പ്രസിഡന്റാക്കിയെന്ന നാണക്കേടില്‍; മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ അപമാനം ചെറുതല്ല

സംസ്ഥാന കോണ്‍ഗ്രസിന്റെ എല്ലാ കാലത്തേയും ശക്തി സ്രോതസായിരുന്നു യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലേക്ക് നേതാക്കളെയും അണികളെയും റിക്രൂട്ട് ചെയ്യുന്ന ഏറ്റവും പ്രധാന റിക്രൂട്ടിംഗ് ഏജന്‍സി എന്നതില്‍ വലിയ സ്ഥാനമാണ് ഈ യുവജന പ്രസ്ഥാനത്തിനുള്ളത്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ ഒരു ഹാഫ് കെപിസിസി പ്രസിഡന്റായാണ് കരുതിപ്പോരുന്നത്. ഈ പദവി വഹിച്ച രണ്ടു പേര്‍ സംസ്ഥാന മുഖ്യമന്ത്രിമാരായി, ചിലര്‍ കേന്ദ്രത്തിലും സംസ്ഥാനത്തിലും മന്ത്രിമാരായി. അത്തരമൊരു പവര്‍ഫുള്‍ പദവി വഹിച്ച രാഹുല്‍ മാങ്കുട്ടത്തിൽ ആണ് ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിച്ചോടി കൊണ്ടിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി 2023ലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗിക പീഡന പരാതി വന്ന സാഹചര്യത്തില്‍ 2025 ഓഗസ്റ്റില്‍ പദവി രാജിവെച്ചു. മുന്‍ഗാമിയായ ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്‍മാറിയ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രത്യേക താല്‍പര്യപ്രകാരം രാഹുല്‍ അവരോധിക്കപ്പെട്ടത്. പാര്‍ട്ടി വക്താവ് എന്ന നിലയില്‍ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരിയായി മാറുകയും യുവതയുടെ ഡാര്‍ലിംഗ് ആയി മാങ്കൂട്ടത്തില്‍ വളർന്നത് ശരവേഗത്തിലായിരുന്നു.
വടകരയില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ പാലക്കാട് പിന്‍ഗാമി ആക്കിയതും രാഹുലിനെ തന്നെ ആയിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയ്ക്കകത്തും പുറത്തും രാഹുല്‍ തന്റെ രാഷ്ടീയ പ്രതിയോഗികളെ നാക്കു കൊണ്ടും വാക്കുകൊണ്ടും ദയാരഹിതമായി അരിഞ്ഞു വീഴ്ത്തുന്നതും പതിവായിരുന്നു. ഭാവിയില്‍ കോണ്‍ഗ്രസിന്റെ ഉന്നത പദവിയിലേക്ക് എത്തപ്പെടും എന്നുപോലും പ്രതീതി സൃഷ്ടിച്ച യുവ നേതാവായി. എന്നാൽ ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി വഹിച്ച എകെ ആന്റണിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന ഉമ്മന്‍ ചാണ്ടിയും സംസ്ഥാന മുഖ്യമന്ത്രി പദം വഹിച്ചവരാണ്. പിന്നീട് ഈ പദവി വഹിച്ച പിസി ചാക്കോ, വിഎം സുധീരന്‍, ജി കാര്‍ത്തികേയന്‍, കെസി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എകെ ശശീന്ദ്രന്‍ , രമേശ് ചെന്നിത്തല, പന്തളം സുധാകരന്‍, കെസി വേണുഗോപാല്‍ എന്നിവര്‍ വിവിധ മന്ത്രിസഭകളില്‍ അംഗമായവരാണ്. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ ദീര്‍ഘകാലം കേന്ദ്ര മന്ത്രിയായിരുന്നു. പിന്നീട് അദ്ദേഹം കെപിസിസി പ്രസിഡന്റുമായി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കെസി വേണുഗോപാല്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു. ഇപ്പോള്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മറ്റിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയാണ്. രാഹുലിന്റെ മുന്‍ഗാമികളൊക്കെ ഇത്തരം ഉന്നത പദവികള്‍ വഹിച്ച പാരമ്പര്യമുണ്ട്. ഇങ്ങനെയുള്ള പദവികളിലേക്ക് എത്താന്‍ സാധ്യതയുണ്ടായിരുന്ന നേതാവാണ് സ്വയംകൃതാനര്‍ത്ഥം കാരണം എരിഞ്ഞടങ്ങിയത്. ബലാല്‍സംഗം, ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി അതി ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. ഇതിന് പിന്നാലെ ബെംഗളൂരുവില്‍ നിന്ന് മറ്റൊരു യുവതിയുടെ ബലാല്‍സംഗ പരാതിയും ഉയര്‍ന്നതോടെ രാഹുലിന്റെ ഭാവി പൂര്‍ണമായും സീല്‍ ചെയ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം വഹിച്ച നേതാക്കളായ എകെ ആന്റണി മുതല്‍ ഷാഫി പറമ്പില്‍ വരെയുള്ള നേതാക്കള്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി സംസ്ഥാന രാഷ്ടീയത്തില്‍ സജീവമാണ്.
1957-ല്‍ എ.സി. ജോര്‍ജ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസിന് പ്രസിഡണ്ടില്ലായിരുന്നു. സെക്രട്ടറിയായിരുന്നു ഒന്നാമന്‍. 1960ല്‍ എം.എ ജോണ്‍ സെക്രട്ടറിയായി, 1965-ല്‍ വയലാര്‍ രവി സംസ്ഥാന കണ്‍വീനറായി
1967-ലാണ് പ്രസിഡന്‍ഷ്യല്‍ സിസ്റ്റം യൂത്ത് കോണ്‍ഗ്രസില്‍ നടപ്പിലായത്. അങ്ങനെ എകെ ആന്റ്ണി ആദ്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായി.
1969-ല്‍ ഉമ്മന്‍ ചാണ്ടിയും 1971-ല്‍ പിസി ചാക്കോയും 1974 ല്‍ വി.എം സുധീരനും പ്രസിഡണ്ടായി.
1978-ല്‍ കോണ്‍ഗ്രസിലെ ഭിന്നിപ്പിനെ തുടര്‍ന്ന് എകെ. ശശീന്ദ്രന്‍ എ വിഭാഗത്തിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഐ വിഭാഗത്തിന്റെയും പ്രസിഡണ്ടുമാരായി, 1980-ല്‍ കെസി ജോസഫും 82 -ല്‍ തിരുവഞ്ചൂരും എവിഭാഗത്തിന്റെയും പ്രസിഡണ്ടായി. 82ല്‍ ജി.കാര്‍ത്തികേയന്‍ ഐ വിഭാഗത്തിന്റെ പ്രസിഡണ്ടായി. 1983-ല്‍ എ ഗ്രൂപ്പ് മാതൃസംഘടനയിലേക്ക് തിരിച്ചു വന്ന ശേഷം കാര്‍ത്തികേയന്‍ തന്നെ പ്രസിഡണ്ടായി തുടര്‍ന്നു.
1986-ല്‍ രമേശ് ചെന്നിത്തല, 1989-ല്‍ പന്തളം സുധാകരന്‍, 1993 ല്‍ കെസി വേണുഗോപാല്‍, 2001-ല്‍ എപി അനില്‍കുമാര്‍, 2006-ല്‍ ടി സിദ്ധിഖ്, 2010-ല്‍ എം. ലി്ജു, 2011-ല്‍ പിസി വിഷ്ണുനാഥ്, 2013- ല്‍ ഡീന്‍ കുര്യാക്കോസ്, 2018-ല്‍ ഷാഫി പറമ്പില്‍, 2023 -ല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരാണ് ഈ പദവി വഹിച്ചവര്‍. നിലവില്‍ ഒജെ ജനീഷാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here