രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതികള്‍ KPCC മുക്കി; പ്രസിഡൻ്റ് പറഞ്ഞത് പച്ചക്കള്ളം; വീണ്ടും മെയിലയച്ച് പരാതിക്കാരി

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പാര്‍ട്ടിക്ക് പരാതിയൊന്നും കിട്ടിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞത് കള്ളം. രാഹുൽ പീഡിപ്പിച്ചുവെന്ന് കാണിച്ച് കേരളത്തിന് പുറത്തുളള യുവതി മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചപ്പെട്ട ശേഷം വിവാഹവാഗ്ദാനം നല്‍കിയാണ് രാഹുല്‍ അടുത്തത്. രാഹുലിന്റെ ബന്ധുക്കളടക്കം വീട്ടിലെത്തി സംസാരിച്ചു. ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. തുടർന്ന് രാഹുൽ എത്തി ബലമായി കാറില്‍ കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. പിന്നാലെ ബന്ധത്തില്‍ നിന്ന് പിന്‍മാറി എന്നുമാണ് പരാതി.
കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയ ഈ പരാതി പൂഴ്ത്തിവയ്ക്കുകയാണ് കേരളത്തിലെ നേതാക്കള്‍ ചെയ്തത്. ഈ നടപടിയിലൂടെ കൂടുതല്‍ ഇരകളെ കണ്ടെത്താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവസരം ഒരുക്കി എന്ന വിമര്‍ശനത്തിന് നേതൃത്വം മറുപടി പറയേണ്ടിവരും. പാര്‍ട്ടിക്ക് രാഹുലിന് എതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വലിയ പ്രതിരോധത്തിലാവുകയാണ്. സണ്ണി ജോസഫിന്റെ ഈ പ്രതികരണം തന്നെ ഞെട്ടിച്ചു എന്ന് ഇന്ന് വീണ്ടും കോണ്‍ഗ്രസിന് അയച്ച ഇമെയിലില്‍ യുവതി പറയുന്നുണ്ട്.
ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു, ഗര്‍ഭിണിയാകണം എന്ന് ആവശ്യപ്പെട്ടു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉണ്ടായിട്ടും അന്ന് ഒരു നടപടിയും ഉണ്ടായില്ല. രാഹുലിനെ താക്കീത് ചെയ്യാനോ, വിവരം അന്വേഷിക്കാനോ പാർട്ടി ഒരു നടപടിയും സ്വീകരിച്ചില്ല. അന്ന് തന്നെ ഇടപെട്ടിരുന്നു എങ്കില്‍ കോണ്‍ഗ്രസ് പാർട്ടി ഇന്നത്തെ നിലയിൽ നാണക്കേടിലേക്ക് പോകേണ്ടി വരില്ലായിരുന്നു. സോണിയാ ഗന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെല്ലാം യുവതി ഇന്ന് പരാതി ഇമെയിലില്‍ അയച്ചിട്ടുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകൾ പുറത്തുവന്നു.
കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു, ഇപ്പോള്‍ പാര്‍ട്ടിയില്‍ ആരുമല്ല എന്നെല്ലാമാണ് രാഹുലിന് എതിരെ പരാതി വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരണത്തിനായി പറഞ്ഞിരുന്നത്. എന്നാല്‍ ഇനി അതൊന്നും മതിയാകില്ല കോണ്‍ഗ്രസിന് പിടിച്ചു നില്‍ക്കാന്‍ എന്ന സ്ഥിതിയായിട്ടുണ്ട്. പാര്‍ട്ടിക്ക് വീണ്ടും പരാതി ലഭിച്ചതോടെ നിയമപരമായ നടപടികള്‍ സ്വീകരിക്കാനും കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുകയാണ്. കോണ്‍ഗ്രസില്‍ വിഡി സതീശന്റെ നിലപാട് ആയിരുന്നു ശരിയെന്ന്, പുതിയ പരാതികള്‍ വരുമ്പോള്‍ വീണ്ടും വ്യക്തമാകുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here