രാഹുല്‍ വിവാദം സഭയിലും സി.പി.എമ്മിന് ലോട്ടറിയാകും; ഏകാഭിപ്രായമില്ലാതെ പ്രതിപക്ഷം; രാഹുലിനെ തള്ളാതെ കോൺഗ്രസിൽ ഒരുവിഭാഗം

നിയമസഭാസമ്മേളനം ആരംഭിക്കാന്‍ ഇനി വെറും രണ്ടുദിവസം മാത്രം ശേഷിക്കേ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വിവാദം കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത ശക്തമാകുന്നു. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങള്‍ തമ്മിൽ ഉണ്ടായിട്ടുള്ള ഈ അഭിപ്രായ വ്യത്യാസത്തില്‍ തീരുമാനം എടുക്കാന്‍ പോലും കഴിയാത്ത തരത്തില്‍ വലയുകയാണ് സണ്ണി ജോസഫ് അടക്കം കെ.പി.സി.സി നേതൃത്വം. ഗുരുതരമായ ലൈംഗിക അപവാദത്തില്‍ ഉള്‍പ്പെട്ട രാഹുലിനെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തെന്ന് സ്പീക്കര്‍ക്ക് പ്രതിപക്ഷനേതാവ് കത്ത് നല്‍കിയിട്ടുണ്ട്. എന്നാലും സഭയില്‍ രാഹുല്‍ എത്തിയാല്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തേണ്ടതില്ല എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
തിങ്കളാഴ്ച തുടങ്ങുന്ന നിയസഭാ സമ്മേളനത്തിൻ്റെ പ്രധാന ഉദ്ദേശ്യം നിയമങ്ങള്‍ പാസാക്കുകയാണ്. വി എസ് അച്യുതാനന്ദന്‍, വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കുകയാകും അന്നുണ്ടാകുക. അടുത്ത ദിവസങ്ങളിലാണ് മറ്റ് നടപടികളിലേയ്ക്ക് കടക്കുക. രാഹുലിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് കത്ത് കൊടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന് ഇനി പ്രത്യേക ബ്ലോക്കായേ ഇരിക്കാനാകൂ. മാത്രമല്ല, ചര്‍ച്ചകളില്‍ സംസാരിക്കാനുള്ള സമയം പോലും ലഭിക്കുകയുമില്ല. സ്പീക്കര്‍ക്ക് കാരുണ്യം തോന്നി ഒരു മിനിട്ടെങ്ങാനും നല്‍കിയാല്‍ മാത്രമേ രാഹുലിൻ്റെ സഭയിലെ സാന്നിദ്ധ്യത്തിന് അര്‍ത്ഥമുണ്ടാകൂ.
രാഹുലിന് സംസാരിക്കാന്‍ കഴിയില്ല എന്നതല്ല കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. ഈ സര്‍ക്കാരിന്റെ അവസാനത്തേതിന് തൊട്ടുമുന്‍പുള്ള ഈ സമ്മേളനം, സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന് മേല്‍കൈ നേടാനുള്ള പ്രധാന അവസരമായിരുന്നു. പ്രത്യേകിച്ച് സി.പി.ഐ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളും മറ്റും ആയുധമാക്കി പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിച്ചേനെ. അതിനെല്ലാം പുറമെ പോലീസുമായി ബന്ധപ്പെട്ട് ഉയർന്ന കടുത്ത ആരോപണങ്ങളും പ്രതിപക്ഷത്തിന് ഗുണമായിരുന്നു. ഇങ്ങനെ മേല്‍കൈ നേടി സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുക എന്നതായിരുന്നു യു.ഡി.എഫ് തന്ത്രം.
എന്നാല്‍ അതൊക്കെ രാഹുല്‍ മാങ്കൂട്ടത്തിൽ തകര്‍ത്തു എന്നതാണ് കോണ്‍ഗ്രസിനുള്ളിലെ അഭിപ്രായം. രാഹുല്‍ സഭയില്‍ എത്തിയാലും ഇല്ലെങ്കിലും അതിനെച്ചൊല്ലിയുള്ള വിമര്‍ശനങ്ങള്‍ക്കാകും ഭരണപക്ഷം ഊന്നല്‍ നല്‍കുക. അത് പാർട്ടിക്കും മുന്നണിക്കും തലവേദനയാകുമെന്ന വിലയിരുത്തലാണ് പ്രതിപക്ഷനേതാവിന് അടക്കമുള്ളത്. രാഹുലിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തികൊണ്ടുണ്ടാകുന്ന വിമര്‍ശനങ്ങളെ ഇപ്പോഴത്തെ മട്ടിൽ അടഞ്ഞ അധ്യായമെന്ന പോലെ അവഗണിച്ച് മുന്നോട്ടുപോകാനും, അതേസമയം പാര്‍ട്ടിയെ അതിലേക്ക് വലിച്ചിഴക്കുന്ന ഗൌരവമായ നീക്കം ഉണ്ടായാൽ മാത്രം മറുപടി പറയാനുമാകും സതീശനും കൂട്ടരും ശ്രമിക്കുക.
എന്നാല്‍ രാഹുലിനെ അവഗണിച്ച് തള്ളാനാവില്ലെന്ന നിലപാടാണ് പാര്‍ട്ടിയിലെ മറുപക്ഷത്തിനുള്ളത്. രാഹുലിനെതിരെ നടപടി സ്വീകരിക്കാൻ മുന്‍കൈയെടുത്ത സതീശനും കൂട്ടര്‍ക്കുമെതിരായ സൈബര്‍ ആക്രമണം തുടരുമ്പോഴാണ് മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗം ഈ നിലപാടുമായി മുന്നോട്ടുവരുന്നത്. യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയ അടൂര്‍ പ്രകാശാണ് ഇക്കൂട്ടര്‍ക്ക് പ്രത്യക്ഷത്തില്‍ നേതൃത്വം നല്‍കുന്നതും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ സതീശനുമായി തെറ്റിപ്പിരിഞ്ഞ ഷാഫി-മാങ്കൂട്ടം വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് അടൂര്‍ പ്രകാശ് നടത്തുന്നതും.
ഇത് സതീശന് മാത്രമല്ല, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ളവര്‍ക്കും തലവേദനയായിട്ടുണ്ട്. ഷാഫി-മാങ്കൂട്ടം ഗ്രൂപ്പിന്റെ പിന്തുണയോടെ പാര്‍ട്ടിയില്‍ മേല്‍കൈ നേടാനായാല്‍ വെള്ളാപ്പള്ളിയുടെ സഹായത്തോടെ അടുത്ത തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതൃസ്ഥാനത്ത് എത്താമെന്ന കണക്കുകൂട്ടലാണ് അടൂര്‍ പ്രകാശിനുള്ളത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി പദത്തിന് വരെ അവകാശം ഉന്നയിക്കാമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ ഇപ്പോൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വീണുകിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാനാണ് ഈ വിഭാഗത്തിൻ്റെ നീക്കം.
പാര്‍ട്ടിയിലെ ഈ വിഭാഗങ്ങള്‍ നടത്തുന്ന പരസ്യവും രഹസ്യവുമായി പോരാട്ടത്തില്‍ ഒരു പക്ഷവും പിടിക്കാന്‍ നിവൃത്തിയില്ലാതെ നിസ്സഹായവസ്ഥയിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. ആരെയും തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് അദ്ദേഹം. പൊതുവേ പാര്‍ട്ടിയില്‍ അത്ര വലിയ പിന്തുണയൊന്നും അവകാശപ്പെടാനില്ലാത്ത അദ്ദേഹത്തെ ദുര്‍ബലനായ കെ.പി.സി.സി. പ്രസിഡന്റ് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തപ്പെടുന്നതും. സണ്ണിജോസഫിന്റെ ഏക പിന്തുണ കെ.സുധാകരനാണ്. സുധാകരന്റെ നിലപാടിന് അനുസരിച്ച് മാത്രമേ സണ്ണിജോസഫിന് മുന്നോട്ടുപോകാനും കഴിയുകയുള്ളു.
സതീശനുമായി കടുത്ത പകയിലുള്ള സുധാകരന്‍ ഇക്കാര്യത്തില്‍ മാങ്കൂട്ടത്തിലിന് അനുകൂല നിലപാട് പ്രത്യക്ഷത്തിൽ സ്വീകരിച്ചിട്ടില്ല എങ്കിലും പ്രതിപക്ഷനേതാവിനെ പിന്തുണയ്ക്കുകയുമില്ല. കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ തന്നെ പുകച്ചുപുറത്തുചാടിച്ചത് സതീശനാണെന്ന അമര്‍ഷമാണ് സുധാകരനുള്ളത്. അതുകൊണ്ടുതന്നെ സതീശനെ അടിക്കാന്‍ ലഭിക്കുന്ന ഒരു അവസരവും പാഴാക്കുകയുമില്ല. ഇതിന്റെ സൂചനയാണ് ഇന്നലെ സണ്ണി ജോസഫ് നടത്തിയ പ്രസ്താവനയെന്ന വിലയിരുത്തലും ഉണ്ട്. തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ സതീശൻ തുറന്നുപറഞ്ഞിട്ടും ഒരുവാക്ക് കൊണ്ടു പോലും പിന്തുണ ഇതുവരെ ഉണ്ടായിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും നിയമസഭാകക്ഷിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും, അദ്ദേഹവുമായി ഒരു ബന്ധവുമില്ല എന്നുമാണ് സതീശന്‍ ഇന്നലെ പറഞ്ഞത്. എന്നാൽ അതിന് വലിയ ഊന്നല്‍ നല്‍കാതെയാണ്, അംഗങ്ങളായ ആര്‍ക്കും നിയമസഭയില്‍ വരാമെന്ന് പ്രസ്താവന സണ്ണി ജോസഫ് പറഞ്ഞത്. സഭയില്‍ രാഹുല്‍ എത്തിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് തന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ രാഹുല്‍ സഭയില്‍ എത്തുന്നത് തടയുന്നതിനുള്ള ശ്രമവും ഒരു കോണില്‍ നടക്കുന്നുണ്ട്. എന്നാല്‍ സതീശനോട് കടുത്ത പകയില്‍ നില്‍ക്കുന്ന ഷാഫി-മാങ്കൂട്ടം പക്ഷം അതിനെ എതിര്‍ക്കാനും രംഗത്തുണ്ട്.
എന്തായാലും സമീപകാലത്തെ ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് എന്നാണ് ഇടതുപക്ഷത്തിൻ്റെ ആശ്വാസം. പോലീസ് പീഢനം ഉള്‍പ്പെടെ സർക്കാരും പാർട്ടിയും പ്രതിക്കൂട്ടിലാകുന്ന നിരവധി വിഷയങ്ങള്‍ ഉയരുകയും, മാധ്യമങ്ങള്‍ വലിയ പ്രചാരണം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അതിനെയൊക്കെ നിഷ്ഫലമാക്കാന്‍ കഴിയുന്നതാണ് രാഹുല്‍ വിഷയം എന്നാണ് സി.പി.എം വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ മാത്രമല്ല, ആ വിഷയം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയിരിക്കുന്ന ഭിന്നതയാണ് ഇടതുപക്ഷത്തെ ഏറെ സന്തോഷിപ്പിക്കുന്നതും.
പുട്ടിന് പീര എന്നതുപോലെ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും അവര്‍ക്ക് കൂടുതല്‍ ഗുണമായിട്ടുണ്ട്. എല്ലാം കൊണ്ടും പന്ത്രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സഭാസമ്മേളനം ശ്രദ്ധേയമാകുമെന്നത് ഉറപ്പായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here