‘മാങ്കൂട്ടത്തില്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത്’; സതീശനൊപ്പം കട്ടക്ക് നിന്ന് കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ വിഡി സതീശന്റെ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണ ഏറുന്നു. നിയമസഭയിലേക്ക് വരേണ്ടതില്ലെന്ന സതീശന്റെ നിര്‍ദേശത്തെ അവഗണിച്ചാണ് എ ഗ്രൂപ്പിന്റെ പിന്തുണയില്‍ രാഹുല്‍ ആദ്യ ദിവസം എത്തിയത്. ഇതോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലായി. സര്‍ക്കാരിന് എതിരായ ആക്രമണത്തിന്റെ മൂര്‍ച്ചയും കുറഞ്ഞു. ഇതോടെയാണ് കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ നിന്നും എ ഗ്രൂപ്പ് നിലപാടിന് എതിരെ വിമര്‍ശനം ശക്തമായത്.
ലൈംഗികാരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സഭയില്‍ എത്തരുത്. വായില്ലാകുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യമെന്നും കെ മുരളീധരന്‍ ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് പാര്‍ട്ടിക്ക് നല്ലത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കണം. പിണറായി സര്‍ക്കാരിന്റെ ഒരുപാട് മര്‍ദനങ്ങള്‍ ഏറ്റ ആളാണല്ലോ അദ്ദേഹം. അങ്ങനെയുള്ള വ്യക്തി തന്നെ പിണറായി സര്‍ക്കാരിന്റെ ഒരു ഐശ്യര്യമായി മാറരുത് കെ മുരളീധരന്‍ തുറന്നടിച്ചു.
ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവരടങ്ങിയ എ ഗ്രൂപ്പാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സഭയില്‍ എത്തിച്ചതിന് പിന്നിലെന്നാണ് കോണ്‍ഗ്രസിനുളളിലെ സംസാരം. എന്നാല്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിലപാട് ഏവര്‍ത്തിച്ചതോടെ ഈ സംഘം പിന്‍വലിഞ്ഞിരിക്കുകയാണ്. കൂടാതെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രാഹുല്‍ സഭയിലേക്ക് എത്തേണ്ടതില്ലെന്ന് പരസ്യ നിലപാട് എടുക്കുന്നതും എ ഗ്രൂപ്പിന്റെ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here