മാങ്കുട്ടത്തില്‍ പഴത്തൊലിയില്‍ ചവിട്ടി വീണെന്ന് വീക്ഷണം; പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട വ്യക്തി ശുദ്ധി പാലിച്ചില്ലെന്ന് രൂക്ഷ വിമര്‍ശനം

ആയിരക്കണക്കിന് അറിയപ്പെടുന്നവരും അല്ലാത്തവരുമായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിക്കാതെ പോയ പരിഗണനയും അവസരങ്ങളും ലഭിച്ച രാഹുല്‍ മാങ്കുട്ടത്തില്‍ വ്യക്തി ശുദ്ധി പാലിക്കുന്നതില്‍ വേണ്ട ജാഗ്രത കാണിച്ചില്ലെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. പഴത്തൊലിയില്‍ ചവിട്ടി അദ്ദേഹം വീണിരിക്കുന്നു. വീഴാന്‍ പാടില്ലാത്ത ജാഗ്രത അദ്ദേഹം പുലര്‍ത്തിയില്ലെന്നും പാര്‍ട്ടി പത്രത്തിന്റെ മുഖപ്രസംഗം.
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത പശ്ചാത്തലത്തിലാണ് വീക്ഷണത്തിന്റെ എഡിറ്റോറിയല്‍. പൊതുജീവിതത്തില്‍ പാലിക്കേണ്ട വ്യക്തിശുദ്ധിയും മാന്യതയും പുലര്‍ത്തുന്നതില്‍ രാഹുല്‍ ശ്രദ്ധ കാണിച്ചില്ലെന്ന് ‘പദവി യിലിരിക്കുന്നവര്‍ പാര്‍ട്ടിയേയും പ്രവര്‍ത്തകരെയും മറക്കരുത്’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
രാഹുല്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാനും തിരുത്താനുമുള്ള നടപടിയാണ് സസ്‌പെന്‍ഷന്‍. ഏതെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തെറ്റ് ചെയ്യുമ്പോള്‍ ഒന്നും ആഗ്രഹിക്കാതെ പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെടുന്ന പതിനായിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദു:ഖം അവരുടെ മനസിലുണ്ടായിരിക്കണമെന്ന് വീക്ഷണം ഓര്‍മ്മിപ്പിക്കുന്നു.
വാക്കുപോലെ പ്രവർത്തിയും വിശുദ്ധമായിരിക്കണമെന്ന ഗാന്ധിയൻ പ്രത്യയ ശാസ്ത്രങ്ങളാണ് കോൺഗ്രസിൻ്റെ സഞ്ചാര പഥത്തിലെ വഴിവിളക്കുകൾ. ഏതൊരു പ്രവർത്തകനും പ്രതിബദ്ധത ഉണ്ടാകേണ്ടത് പാർട്ടിയോടും പൊതു സമൂഹത്തോടുമാണ്. അറിഞ്ഞോ അറിയാതെയോ പ്രവർത്തി ദോഷം കൊണ്ട് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്ന് രാഹുലിനെ ഓർമ്മിപ്പിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here