മാങ്കൂട്ടത്തില്‍ സഭയിലേക്ക് വരേണ്ടതില്ലെന്ന് കോണ്‍ഗ്രസ്; തന്നെ ധിക്കരിച്ചാല്‍ പലതും പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഭീഷണി; പത്തി മടക്കി എ ഗ്രൂപ്പ്

നിയമസഭയില്‍ പരമാവധി ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കളം പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലൈംഗിക പീഡന പരാതികളിലെ ആരോപണ വിധേയനായ രാഹുല്‍ മാങ്കുട്ടത്തില്‍ സഭയില്‍ വരേണ്ടതില്ലെന്ന വിഡി സതീശന്റെ നിലപാടിന് വഴങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ചെന്നുപെട്ടിരിക്കുന്ന ആരോപണങ്ങളുടെ വ്യാപ്തിയില്‍ പാര്‍ട്ടിക്കിപ്പോഴും പൂര്‍ണമായ വിവരങ്ങളില്ല. എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ ആരോപണങ്ങള്‍ വന്നേക്കാമെന്ന സ്ഥിതി നിലവിലുണ്ട്. ഏറ്റവും ഒടുവില്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു പോലും രാഹുല്‍ അശ്ശീല സന്ദേശമയച്ചു എന്ന ആക്ഷേപവും പൊങ്ങി വന്നിട്ടുണ്ട്.
ഒരു കാരണവശാലും രാഹുല്‍ സഭയില്‍ വരാന്‍ പാടില്ലെന്ന കര്‍ക്കശമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. ജനകീയ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രാഹുലിനെ ചുറ്റിപ്പറ്റിയുള്ള കഥകള്‍ ഭരണപക്ഷം എടുത്തലക്കുമെന്ന ഭീതി നിലവിലുണ്ട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരുടേതും. എന്നാല്‍ എ ഗ്രൂപ്പിലെ ചിലര്‍ക്ക് രാഹുല്‍ സഭയില്‍ വരുന്നതില്‍ കുഴപ്പമില്ല എന്ന സമീപനമാണുള്ളത്. പ്രത്യേകിച്ചും കെസി ജോസഫ്, ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ക്ക്. ഇവരാണ് രാഹുല്‍ സഭയില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇവർക്കൊപ്പം ഏറ്റവും ഒടുവില്‍ രമേശ് ചെന്നിത്തലയും ചേർന്നിട്ടുണ്ട്.
തന്നെ ധിക്കരിച്ച് സഭയില്‍ സ്ഥിരമായി വന്നിരിക്കാന്‍ ശ്രമിച്ചാല്‍ നിലപാട് വിശദീകരിക്കുന്നതോടൊപ്പം പരാതികളുടെ വിശദാംശങ്ങള്‍ പുറത്തു വിടാന്‍ നിര്‍ബന്ധിതനാവുമെന്ന് പ്രതിപക്ഷ നേതാവ് വേണ്ടപ്പെട്ടവരോട് തുറന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍ നാറ്റക്കഥകള്‍ പുറത്തു വരുമെന്ന അവസ്ഥ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുമെന്ന സ്ഥിതി നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ട്. ഇതോടെയാണ് എ ഗ്രൂപ്പ് പത്തിമടക്കി കീഴടങ്ങിയത്.
സിപിഎമ്മിലെ പീഡകരുടെ കഥ പറഞ്ഞ് പ്രതിരോധിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് എടുത്ത ധീരമായ നിലപാടിനൊപ്പം നില്‍ക്കുന്നതാണ് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുന്നതെന്ന സതീശന്റെ നിലപാടിനൊപ്പമാണ് എഐസിസി നേതൃത്വം, പ്രത്യേകിച്ചും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷി. തന്റെ നിലപാട് വിശദീകരിക്കാന്‍ അനുമതി തേടി രാഹുല്‍ കാണാന്‍ ശ്രമിച്ചെങ്കിലും ദീപ ദാസ് മുഖം തിരിച്ചു എന്നാണറിയുന്നത്. മുതിര്‍ന്ന വനിത കോണ്‍ഗ്രസ് നേതാക്കളോടുപോലും മോശമായ വിധത്തില്‍ രാഹുല്‍ പെരുമാറിയെന്ന വിവരം അവരെ ചൊടുപ്പിച്ചിട്ടുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് ലഭിച്ച മേല്‍ക്കൈ ലൈംഗികാരോപണങ്ങളിലൂടെ ഇല്ലാതാക്കിയെന്ന പൊതുവികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതിലുപരി പറ്റിപ്പോയ തെറ്റില്‍ ലേശം പോലും പശ്ചാത്താപം പ്രകടിപ്പിക്കാന്‍ തയ്യാറാവാത്ത രാഹുലിന്റെ നിലപാടിനോട് അമര്‍ഷവും ഉണ്ട്. രാഹുല്‍ ചെന്നുപെട്ടിരിക്കുന്ന ആരോപണങ്ങളുടെ വ്യാപ്തിയെക്കുറിച്ച് അയാളെ പിന്തുണയ്ക്കുന്നവര്‍ക്കു പോലും കൃത്യമായ വിവരങ്ങള്‍ ഇല്ല. സോഷ്യല്‍ മീഡിയയിലെ ലൗവും ലൈക്കും വോട്ടായി മാറില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. രാഹുലിനേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ഉണ്ടായിരുന്ന എം സ്വരാജ് നിലമ്പൂരില്‍ എട്ട് നിലയില്‍ പൊട്ടിയ ഉദാഹരണം രാഹുല്‍ വിരുദ്ധ ചേരി ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here