വെറുതെ ഒരു കെപിസിസി പ്രസിഡന്റ്!! രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിലടക്കം നിലപാട് ശക്തമായി പറയുന്നില്ല; നേതാക്കള്‍ക്ക് അതൃപ്തി

രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിട്ടും അഴകൊഴമ്പൻ നിലപാടുമായി കെപിസിസി പ്രസിഡൻ്റ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിക്കൽ എത്തിയിട്ടും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന പണികൾ നടത്തുന്ന സ്വന്തം എംഎൽഎയെ നിലയ്ക്കുനിർത്താൻ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് കഴിയുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.
കോൺഗ്രസിൽ നിന്ന് സസ്പെൻഷനിലായിരിക്കുന്ന രാഹുൽ പ്രചരണത്തിൽ സജീവമാകുന്നതിനിടയിലാണ് പുതിയ ശബ്ദരേഖയും ചാറ്റുമൊക്കെ പുറത്തുവന്നത്. ഒരു പെൺകുട്ടിയോട് ഗർഭവതിയാകാൻ ആവശ്യപ്പെടുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്ന ചാറ്റും ഓഡിയോ ക്ലിപ്പുമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. നിലവിൽ പാർട്ടിക്ക് പുറത്താണെങ്കിലും പ്രചരണ രംഗത്ത് സജീവമാകുന്നതോടെ ഇത്തരം വിവരങ്ങൾ പുറത്തു വരുന്നത് യുഡിഎഫിന് ക്ഷീണമാകുമെന്ന് നേതാക്കൾ കരുതുന്നു. ഇത് മുൻകൂട്ടി കണ്ടാണ് കെപിസിസി മുൻ പ്രസിഡൻ്റുമാരായ രമേശ് ചെന്നിത്തലയും കെ മുരളീധരനും പ്രചരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ രാഹുലിനോട് ആവശ്യപ്പെട്ടത്. പാർട്ടിക്ക് രാഹുൽ ബാധ്യതയാകുമെന്ന നിലപാടിലാണ് ചെന്നിത്തലയും മുരളീധരനും.
ലൈംഗിക ആരോപണങ്ങൾ വന്ന ഘട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന രാഹുൽ കഴിഞ്ഞ മാസം മുതലാണ് മണ്ഡലത്തിൽ സജീവമായത്. സർക്കാർ പരിപാടികളിൽ മന്ത്രിമാർക്കൊപ്പം പങ്കെടുക്കുകയും തനിക്കെതിരെയുള്ള ആക്ഷേപങ്ങളുടെ മുനയൊടിക്കും വിധം സജീവമാവുകയും ചെയ്തു. ഇതിനിടയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി സജീവ പ്രചരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു. രാഹുലിനെ ഏത് വിധേനയും പാർട്ടിയിൽ തിരിച്ചെടുക്കാൻ വർക്കിംഗ് പ്രസിഡൻ്റുമാരായ ഷാഫി പറമ്പിൽ, പിസി വിഷ്ണുനാഥ് എന്നിവരുടെ നേതൃത്വത്തിൽ ചടുല നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് പുതിയ ചാറ്റും ശബ്ദരേഖയുമൊക്കെ പുറത്തു വന്നത്. കോൺഗ്രസിനെ ലൈംഗിക പീഡനക്കേസിൽ തളച്ചിടാനുള്ള സിപിഎമ്മിൻ്റെ തന്ത്രത്തിൽ കൊത്തരുത് എന്ന നിലപാടിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. അതുകൊണ്ട് തന്നെയാണ് രാഹുൽ പ്രചരണത്തിന് ഇറങ്ങരുതെന്ന നിലപാട് ചെന്നിത്തലയും മുരളീധരനും സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സമാന നിലപാടിലാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണം സിപിഎമ്മിന് തിരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച നല്ലൊരു ആയുധമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടിയെ അബോര്‍ഷന് നിര്‍ബന്ധിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിയുമെല്ലാം തന്റേതല്ലെന്ന് രാഹുല്‍ ഇതുവരെ പറയാത്ത സാഹചര്യത്തിൽ. അതുകൊണ്ട് തന്നെ ഈ വിഷയത്തിലെ ആരോപണങ്ങള്‍ എന്തും പുറത്തുവരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്.
സസ്‌പെന്‍ഷനില്‍ ആണെങ്കിലും പാലക്കാട്ടെ കോണ്‍ഗ്രസിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിൽ മാങ്കൂട്ടത്തില്‍ സജീവമാണ്. പാര്‍ട്ടിയിലേക്ക് റീ- എന്‍ട്രിക്ക് തന്നെയാണ് രാഹുലും ശ്രമിക്കുന്നത്. ഈ സമയത്താണ് വീണ്ടും രാഹുലിന്റെ ചാറ്റുകളും ഓഡിയോയും പുറത്തേക്ക് വരുന്നത്. ഇതില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതും അതിനുശേഷം അബോര്‍ഷന് വേണ്ടി വാശിപിടിക്കുന്നതുമാണ് ഉള്ളത്.
പതിവുപോലെ ഇതും രാഹുല്‍ നിഷേധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ ഈ നീക്കങ്ങളെല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് എന്ന അഭിപ്രായവും ഉയര്‍ന്നു കഴിഞ്ഞു. കോൺഗ്രസിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ പ്രചരണ രംഗത്ത് ഇറങ്ങരുതെന്ന് പറയാൻ എന്തുകൊണ്ട് കെപിസിസി പ്രസിഡൻ്റ് മടിക്കുന്നു എന്ന ചോദ്യം പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായിരിക്കയാണ്. പ്രധാന വിഷയങ്ങളിൽ സണ്ണി ജോസഫിൻ്റെ നിലപാടില്ലായ്മയും നടപടികൾ ഇല്ലാത്തതും പാർട്ടിക്ക് ഏറെ ദോഷം വരുത്തിവെച്ചുവെന്ന ആരോപണവും പാർട്ടിക്കുള്ളിൽ ചർച്ചയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here