“പ്രസവിക്കണം എന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്”; കിട്ടിയ അവസരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ട്രോളി മന്ത്രി ശിവന്‍കുട്ടി

നിയമസഭയില്‍ ലഭിച്ച അവസരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം ഉന്നയിച്ച് മന്ത്രി വി ശിവന്‍കുട്ടി. എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരുടെ ശമ്പളം ലഭിക്കാത്തത് സംബന്ധിച്ച് മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുമ്പോഴാണ് മന്ത്രി വിവാദവും ഉന്നയിച്ചത്. അധ്യാപികമാര്‍ക്ക് പ്രസാവാനൂകൂല്യം നിഷേധിക്കുകയാണ് എന്ന് മോന്‍സ് ജോസഫ് ആരോപിച്ചിരുന്നു. ഇതിന് മന്ത്രി മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘പ്രസവിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. പ്രസാവാനുകൂല്യം നിഷേധിക്കല്‍ അല്ല’.
യുവതിയെ അബോര്‍ഷന് രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. കിട്ടയ അവസരത്തില്‍ ആരുടേയും പേര് പറയാതെ ഉന്നയിക്കുകയാണ് മന്ത്രി ചെയ്തത്. ശ്രദ്ധക്ഷണിക്കലില്‍ മന്ത്രിയും മോന്‍സ് ജോസഫ് എംഎല്‍എയും തമ്മില്‍ വാക്ക്‌പോരും നടന്നു. ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് എന്‍എസ്എസ് സുപ്രീം കോടതിയില്‍ പോയി നേടിയ ഉത്തരവില്‍ സമാനമായ എല്ലാ സ്ഥാപനങ്ങള്‍ക്ക് ബാധകമാണ് എന്നാണ് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ വിധി എന്‍എസ്എസ് സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകമാണ് എന്ന് നിലപാട് എടുത്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം കിട്ടിയില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ വിഭാഗീയമായ സമീപനം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി മറുപടി നല്‍കി. എയ്ഡഡ് സ്ഥാപനങ്ങളോട് തുല്യമായ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ ഹിന്ദു മുസ്ലിം മാനേജ്‌മെന്റുകളോട് ഒരേ സമീപനമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ക്രിസ്ത്യാനികള്‍ ശിവന്‍കുട്ടിക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്. മോന്‍സ് ജോസഫിന്റെ പ്രസ്താവനയില്‍ അങ്ങനെയൊരു സ്വരം ഉണ്ട്. തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ആവശ്യമില്ലാതെ വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ എന്ന് പറഞ്ഞ് കുഴപ്പം ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു.
25 വര്‍ഷമായി നിയമസഭയില്‍ അംഗമായിട്ടുള്ള ആളാണ്. അതുകൊണ്ട് തന്നെ മതപരമായ വിഭാഗീയത ഉണ്ടാക്കുന്ന ഒരു സമീപനവും സ്വീകരിക്കില്ല. മന്ത്രി അങ്ങനെ പറയുന്നത് ശരിയല്ലെന്നും മോന്‍സ് മറുപടി നല്‍കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here