മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; ലൈംഗികാരോപണത്തിനൊപ്പം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസും പൊടിതട്ടി എടുക്കുന്നു

ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും ആരും പരാതി ഉന്നയിക്കാത്തതിന്റെ ആശ്വാസത്തിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ അങ്ങനെ വിടാന്‍ സര്‍ക്കാര്‍ തയാറാല്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് ക്രൈംബ്രാഞ്ച് വീണ്ടും പൊടിതട്ടി എടുക്കുന്നു. മാങ്കൂട്ടത്തിലിനെ കേസില്‍ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും.
ശനിയാഴ്ച ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയില്‍ പേരുമുണ്ട് എന്ന കാരണം പറഞ്ഞാണ് വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി ഒരു തവണ രാഹുലിനെ ചോദ്യം ചെയ്തതാണ്. നാല് മണിക്കൂറോളമാണ് അന്ന് ചോദ്യം ചെയ്യല്‍ നീണ്ടത്.
അന്നത്തെ സാഹചര്യം അല്ല അന്നുള്ളത്. അന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ ഇടയിലൂടെ ഹീറോ ഇമേജിലാണ് രാഹുല്‍ ഹാജരായത്. എന്നാല്‍ ഇന്ന് ലൈംഗികാരോപണത്തില്‍ കുരങ്ങി പാര്‍ട്ടിക്ക് തന്നെ ബാധ്യതയായി നില്‍ക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്റിററി പാര്‍ട്ടിയില്‍ നിന്നും പുറത്തായ നിലയിലാണ്. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത വിധത്തില്‍ നാണംകെട്ട് വീട്ടില്‍ തന്നെ ഇരിക്കുകയാണ് പാലക്കാട് എംഎല്‍എ.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്യാജ വോട്ടര്‍ ഐഡികാര്‍ഡുണ്ടാക്കി ആളുകളെ സംഘടനയില്‍ ചേര്‍ത്ത് വോട്ട് സമാഹരിച്ചു എന്നാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഏഴു പ്രതികളാണ് കേസിലുളളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here