രാഹുലിനെതിരെ കടുപ്പിച്ച് പരാതി; വിട്ടുപോകാതിരിക്കാൻ കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചു, മുഖത്തടിച്ചു, തുപ്പി

പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. വിദേശത്തുള്ള യുവതി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്.
സോഷ്യൽ മീഡിയ വഴിയാണ് യുവതി താൻ രാഹുലിനെ പരിചയപ്പെട്ടത്. വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ നേരിട്ടിരുന്ന സമയത്തായിരുന്നു ഈ പരിചയം ഉടലെടുത്തത്. രാഹുൽ താനുമായി പ്രണയത്തിലാവുകയും തന്റെ വിവാഹബന്ധം വേർപെടുത്താൻ നിർബന്ധിക്കുകയും ചെയ്തു. വിവാഹമോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കാമെന്ന് രാഹുൽ ഉറപ്പുനൽകിയിരുന്നതായും യുവതി ആരോപിക്കുന്നു.
താൻ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ നിർബന്ധിച്ചിരുന്നതായി യുവതി മൊഴി നൽകി. കുഞ്ഞുണ്ടായാൽ വീട്ടുകാർ വിവാഹത്തിന് പെട്ടെന്ന് സമ്മതിക്കുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയമായതിനാലും പൊതുപ്രവർത്തകനായതിനാലും പൊതുവിടങ്ങളിൽ വെച്ച് കാണാൻ കഴിയില്ലെന്ന് പറഞ്ഞ് രാഹുൽ തന്നെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
Also Read : മൂന്നാമത്തെ പരാതിയിൽ കുടുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് എംഎൽഎക്കിത് അഗ്നിപരീക്ഷ
ഹോട്ടൽ മുറിയിൽ എത്തിയ ഉടൻ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ക്രൂരമായി കടന്നാക്രമിച്ചുവെന്ന് യുവതി പറയുന്നു. മുഖത്ത് അടിക്കുകയും തുപ്പുകയും ചെയ്തു. ദേഹത്ത് പലയിടത്തും മുറിവുകളുണ്ടായി. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും യുവതി മൊഴിയിൽ വ്യക്തമാക്കി.
പിന്നീട് ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിന്റെ പെരുമാറ്റം മാറിയെന്ന് യുവതി ആരോപിക്കുന്നു. തന്നെ അസഭ്യം പറയുകയും കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് ആക്ഷേപിക്കുകയും ചെയ്തു. ഭ്രൂണത്തിന്റെ ഡി.എൻ.എ പരിശോധനയ്ക്ക് താൻ തയ്യാറായത് ഈ അപമാനം സഹിക്ക വയ്യാതെയാണെന്നും യുവതി പറയുന്നു. രാഹുലിന്റെ ഭാഗത്തുനിന്ന് ഗർഭഛിദ്രത്തിനായി വലിയ സമ്മർദ്ദമുണ്ടായി. സ്ലട്ട് ഷേമിങ്ങിനും ഭീഷണികൾക്കും ഇരയായതോടെ കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങൾക്കിടെ ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഈ വിവരം അറിയിക്കാൻ ശ്രമിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തതായും ഇമെയിലുകൾക്ക് മറുപടി നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.
പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അർധരാത്രിയോടെ കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഹുൽ നിഷേധിച്ചു. നടന്നത് പീഡനമല്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നുമാണ് രാഹുലിന്റെ വാദം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here