രാഹുലിനെ ഇനി ‘ഹൂ കെയേഴ്സ്’!! ‘രാഷ്ട്രീയ ഹരാകിരി’ സ്വയം ഏറ്റുവാങ്ങിയ യുവനേതാവ്

ജപ്പാനിലെ സാമുറായി വിഭാഗം നടത്തുന്ന ഒരുതരം ആത്മബലിയാണ് ഹാരികിരി. സ്വന്തം വയറു കുത്തിക്കീറി യോദ്ധാവ് മരിക്കും. അതിനോടല്ലാതെ മറ്റൊന്നിനോടും ഉപമിക്കാനില്ല രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഇപ്പോഴത്തെ അവസ്ഥയെ. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അസൂയാവഹ വിജയംനേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന അതേ വേഗത്തിൽ തന്നെ തകർന്നു വീഴുകയും ചെയ്യുന്ന ദുരന്ത കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട മാന്യതയും വ്യക്തിശുദ്ധിയും പാലിക്കാതെ അർമാദിക്കുന്ന നേതാക്കൾക്കുള്ള മുന്നറിയിപ്പാണീ പതനം.
നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ തന്നെ 18,000ലധികം വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിലാണ് പാലക്കാട് രാഹുല്‍ വിജയക്കൊടി പാറിച്ചത്. ആകെ 52,000ത്തില്‍ അധികം വോട്ടുകൾ പിടിച്ചു. പോൾ ചെയ്തതിൻ്റെ 42.27 ശതമാനവും നേടി വൻ ജനപിന്തുണ ആർജിക്കാൻ കഴിഞ്ഞു. ഇത്തരമൊരു ഗ്ലാമർ പരിവേഷത്തിലാണ് 2024 ഡിസംബർ നാലിന് എംഎൽഎ യായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വർഷം തികയുന്ന ദിവസം തന്നെ പാർട്ടിയിൽ നിന്ന് പുറത്താവുകയും അപമാനത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും ചെയ്തു. ലൈംഗികപീഡന ആരോപണങ്ങൾ ഉയർന്നപ്പോൾ ‘ഹൂ കെയേഴ്സ്’ എന്ന ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ഇയാൾ പറഞ്ഞത്.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് രാഹുൽ സ്ഥാനംനേടിയതെന്ന ആക്ഷേപം എതിരാളികൾ ഉയർത്തിയെങ്കിലും തെളിവില്ലാതെ അതെല്ലാം പെട്ടെന്ന് കെട്ടടങ്ങി. പിന്നാലെയാണ് ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് പോയ ഒഴിവിൽ പാലക്കാട്ട് മത്സരിക്കാൻ ചാൻസ് കിട്ടിയത്. ഒരുപാട് മുതിർന്നവരെ വെട്ടിയാണ് ഷാഫി സീറ്റ് തരപ്പെടുത്തിയത്. വിഡി സതീശൻ്റെ പിന്തുണയും ഉണ്ടായിരുന്നു. എംഎൽഎ ആയതോടെ അഹങ്കാരത്തിന് കാലുംകൈയും വെച്ചുവെന്ന് രാഹുലിനെതിരെ പലരും ആക്ഷേപമുയർത്തി.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇയാളുടെ അപഥസഞ്ചാര ആരോപണങ്ങൾ പുറത്തു വന്നു തുടങ്ങിയത്. വ്യഭിചാരകഥകൾ അന്തരീക്ഷത്തിൽ പ്രചരിച്ചപ്പോൾ തന്നെ വിഡി സതീശൻ മുൻകൈയെടുത്ത് പാർലമെൻ്ററി പാർട്ടിയിൽ നിന്നും കോൺഗ്രസ്സിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻ്റ് ചെയ്തു. പക്ഷേ, അപ്പോഴും അയാളെ പിന്തുണക്കാൻ കോൺഗ്രസിലെ ഒരുസംഘം തയ്യാറായത് പാർട്ടിക്ക് നാണക്കേടായി. മുൻകൂർ ജാമ്യവും തള്ളിയതോടെയാണ് ഇപ്പോൾ ഗതികെട്ട് പാർട്ടി പുറത്താക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here