രാഹുൽ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതന്‍; മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ

മൂന്നാമത്തെ പീഡനക്കേസിലും ജാമ്യം ലഭിച്ചതിനെത്തുടർന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സബ് ജയിലിൽ നിന്ന് പുറത്തിറങ്ങി. ജനുവരി 11ന് അറസ്റ്റിലായ രാഹുൽ 18 ദിവസത്തെ റിമാൻഡിന് ശേഷമാണ് മോചിതനായത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തരുത് തുടങ്ങിയ കർശന നിബന്ധനകളോടെയാണ് ജാമ്യം. രാഹുലിന്റെ അറസ്റ്റ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകളും കോടതി പരിഗണിച്ചു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി പറഞ്ഞു. പരാതി നൽകാൻ ഉണ്ടായ കാലതാമസവും കോടതി ഗൗരവമായി പരിഗണിച്ചു.

നിലവിലെ വിവാഹബന്ധം നിലനിൽക്കെ, അത് വേർപെടുത്താതെ എങ്ങനെ മറ്റൊരു വിവാഹബന്ധത്തിലേക്ക് പോകാൻ കഴിയുമെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോ ഭർത്താവോ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്തിന് ശേഷവും ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. ഇതിന്റെ വാട്സ്ആപ്പ് ചാറ്റുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. രാഹുലിന്റെ അറസ്റ്റിൽ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഇനി അദ്ദേഹത്തെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.

രാഹുൽ പുറത്തിറങ്ങിയപ്പോൾ ജയിലിന് പുറത്ത് യുവമോർച്ച പ്രവർത്തകർ വലിയ പ്രതിഷേധം സംഘടിപ്പിച്ചു. അദ്ദേഹത്തിന് നേരെ മുട്ടയെറിഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മൂന്ന് വ്യത്യസ്ത പീഡന പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നിട്ടുള്ളത്. ഇതിൽ മൂന്നാമത്തെ കേസിനാണ് ഇപ്പോൾ ജാമ്യം ലഭിച്ചത്. ജയിലിൽ നിന്ന് നേരെ അടൂരിലെ വീട്ടിലേക്കാണ് അദ്ദേഹം പോയത്. പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top