മാങ്കൂട്ടത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; യൂത്ത് കോണ്‍ഗ്രസ് ഒഴിഞ്ഞതുകൊണ്ട് പ്രശ്‌നം തീരില്ല

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞുവെങ്കിലും രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നം തീരില്ല. രാഹുല്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവയ്ക്കുന്നതാണ് നല്ലതെന്ന അഭിപ്രായം യു.ഡി.എഫിലും കോണ്‍ഗ്രസിലും ശക്തമായിട്ടുണ്ട്. മാത്രമല്ല, പുറത്തുവന്ന അതീവ ഗുരുതരമായ ശബ്ദസന്ദേശവുമായി ബന്ധപ്പെട്ട അന്വേഷണം പാര്‍ട്ടിതലത്തില്‍ ഒതുക്കാതെ പോലീസിന് കൈമാറണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സതീശന്‍-ഷാഫി- രാഹുല്‍ അച്ചുതണ്ടിനെതിരെ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷം കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്നതും വസ്തുതതയാണ്.

ALSO READ : ഗതികെട്ട് രാജി; പരാതി വന്നാൽ മറുപടി നൽകും; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നതെന്ന വിമര്‍ശനം പൊതുവില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയരുന്നുണ്ട്. കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നതിന് മുന്‍പ് രാഹുലിനെ എം.എല്‍.എ സ്ഥാനത്തുനിന്നും ഒഴിവാക്കണം എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നഅഭിപ്രായം. ഇതിനെ നിസാരവല്‍ക്കരിച്ച് കളയാനാവില്ലെന്ന് തന്നെയാണ് പൊതുവികാരം. വിഷയം കൈവിട്ടുപോയ സാഹചര്യത്തില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തു നിന്നും മാത്രം മാറ്റിയതുകൊണ്ട് പ്രശ്‌നം അവസാനിക്കില്ല എന്നാണ് കോണ്‍ഗ്രസിനുള്ളിലേയും യു.ഡി.എഫിലേയും അഭിപ്രായം.

സമാനമായ വിഷയങ്ങളില്‍ ഇത്രപോലും കഴമ്പില്ലാത്ത ആരോപണങ്ങൾ സി.പി.എമ്മിനെതിരെ ഉന്നയിച്ചിട്ടുള്ള വിഡി സതീശനും മറ്റും ഇത്തരത്തില്‍ ഈ വിഷയത്തെ നിസാരവല്‍ക്കരിക്കരുത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസരത്തിലും സതീശന്‍ രാഹുലിനെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടത്തുന്നതെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്. വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമുതല്‍ വിവിധതരം ആരോപണങ്ങള്‍ കഴിഞ്ഞ കുറേനാളുകളായി രാഹുലിനെതിരെ ഉയര്‍ന്നിട്ടും മൗനം പാലിച്ച നേതൃത്വമാണ് പാര്‍ട്ടിയേയും മുന്നണിയേയും ഈവിധം വെട്ടിലാക്കിയിരിക്കുന്നത് എന്നാണ് അവരുടെ ആരോപണം.

ALSO READ : അനുജനായി കൊണ്ടുനടന്ന് സതീശനും ഷാഫി പറമ്പിലും; വളര്‍ച്ച അതിവേഗത്തില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ എരിഞ്ഞടങ്ങുന്ന വണ്ടര്‍ കിഡ്

തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ ഇത്തരമൊരു ആരോപണം ഉയര്‍ന്നതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലാണ്. കുറേനാളുകളായി തന്നെ രാഹുലിനെതിരെ പല കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. അത് പാര്‍ട്ടിക്കുള്ളിലും യൂത്ത് കോണ്‍ഗ്രസിലും കടുത്ത ഭിന്നത ഉണ്ടാക്കിയപ്പോഴും അയാളെ പിന്തുണയ്ക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അന്നുതന്നെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് പാര്‍ട്ടി തലത്തിലുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോയിരുന്നെങ്കില്‍ ഇപ്പോൾ മുഖം രക്ഷിക്കാമായിരുന്നു എന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.

ഇനിയീ വൈകിയ വേളയില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയതുകൊണ്ടു മാത്രം രക്ഷയുണ്ടാവില്ല എന്നാണ് യു.ഡി.എഫിൻ്റെ നിലപാട്. നിയമവിരുദ്ധമായി അബോർഷന് ഒരു യുവതിയെ നിര്‍ബന്ധിപ്പിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്ന സാഹചര്യത്തില്‍ ജനപ്രതിനിധിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കീഴ്വഴക്കങ്ങൾ അടക്കം ചൂണ്ടിക്കാട്ടി പലരും ഉന്നയിക്കുന്നുണ്ട്. രാഹുലിനെതിരെ ബി.ജെ.പി രംഗത്ത് ഇറങ്ങിയെങ്കിലും സി.പി.എം ഇതുവരെ സജീവ പ്രക്ഷോഭം തുടങ്ങിവച്ചിട്ടില്ല. അവര്‍ വിഷയം ഏറ്റെടുത്തു പ്രതിസന്ധി സൃഷ്ടിക്കും മുന്‍പ് തന്നെ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ : ‘ആരെ ചൂണ്ടിക്കാണിക്കും നീ… പിന്നെ എങ്ങനാടീ കൊച്ച് വളരുന്നേ?’ രാഹുല്‍ മാങ്കൂട്ടത്തില്‍ അബോർഷന് പ്രേരിപ്പിച്ചെന്ന് ശബ്ദരേഖ !!

രാഹുൽ എം.എൽ.എ. സ്ഥാനം രാജിവച്ചാലും പാലക്കാട് ഇനിയൊരു ഉപതിരഞ്ഞെടുപ്പിന് സാധ്യത അവശേഷിക്കുന്നില്ലെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ഈ നിയമസഭക്ക് അതിനുള്ള കാലാവധി അവശേഷിക്കുന്നില്ല എന്നതുതന്നെ കാരണം. അതുകൊണ്ട് ആ തരത്തിൽ ഒരു വെല്ലുവിളി യുഡിഎഫിന് മുന്നിലില്ലെന്നും ഇനിയൊന്നും നോക്കാതെ രാഹുലിനെ രാജിവയ്പിക്കണം എന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുരുതരമായ ശബ്ദസന്ദേശം പുറത്തുവന്നശേഷവും രാഹുലിനെ ന്യായീകരിക്കുന്ന തരത്തിലാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചതെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുകഴിഞ്ഞു.

ALSO READ : പിടി ചാക്കോ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെ; സ്ത്രീവിഷയത്തിൽ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാര്‍ നിരവധി; ഞെട്ടിക്കും ആ പേരുകള്‍

സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയരുന്ന വേളയില്‍ സി.പി.എം പാര്‍ട്ടിക്കുള്ളില്‍ അത് ഒതുക്കി തീര്‍ക്കുന്നുവെന്ന് വിമര്‍ശനം ഉന്നയിച്ചിട്ടുളളത് പ്രതിപക്ഷനേതാവ് വി.ഡി.സതീശനാണ്. എന്നിട്ട് സ്വന്തം പാര്‍ട്ടിയില്‍ ഇതുണ്ടാകുമ്പോൾ അതിനെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിൻ്റെ പ്രതിഛായക്ക് തന്നെ ക്ഷീണമാണെന്ന് അടുപ്പക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് വെറുമൊരു പീഢനം മാത്രമല്ല, അബോർഷന് പ്രേരിപ്പിക്കുന്ന ക്രിമിനല്‍ കുറ്റം കൂടിയാണ് ഇതിലുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടത്. രാജ്യത്ത് നിലനില്‍ക്കുന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top