മയക്കുമരുന്ന് പ്രതിയുടെ ജയിൽ വർക്ക്ഔട്ട് വീഡിയോ വൈറൽ; ഒപ്പം കൊടും കുറ്റവാളികളുടെ സെൽഫിയും

റായ്പൂർ സെൻട്രൽ ജയിലിൽ നിന്നാണ് മയക്കുമരുന്ന് രാജാവെന്ന് പേരുകേട്ട രാജാ ബൈജാർ എന്ന റാഷിദ് അലിയുടെ വർക്ക്ഔട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കൂടാതെ ഭീകര കുറ്റവാളികളായ രോഹിത് യാദവ്, രാഹുൽ വാൽമീകി എന്നിവരുമായുള്ള റാഷിദ് അലിയുടെ സെൽഫികളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയിലിലെ സുരക്ഷാ വീഴ്ചകളെ പറ്റി ചോദ്യം ഉയർന്നിരുന്നു. തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
വിചാരണത്തടവുകാരനായ ശശാങ്ക് ചോപ്ര ജയിലിലേക്ക് മൊബൈൽ ഫോൺ കടത്തിക്കൊണ്ടുപോയതായി കണ്ടെത്തി. രണ്ട് ഡ്യൂട്ടി ഗാർഡുകളുടെ മേൽനോട്ടത്തിൽ സുഹൃത്തുക്കളുമായി സെൽഫികൾ എടുക്കാനും വ്യായാമങ്ങൾ ഉൾപ്പെടെയുള്ളവ റെക്കോർഡ് ചെയ്യാനും ഈ മൊബൈൽ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
സംഭവത്തെ തുടർന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് ഗാർഡുമാരായ രാധേലാൽ ഖുണ്ടെയെയും ബിപിൻ ഖൽഖോയെയും സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാട്ടി പുറത്താക്കി. ഇരുവർക്കും മുമ്പ് നിരവധി മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായാണ് വിവരം. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് സന്ദീപ് കശ്യപിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
എൻഡിപിഎസ് (Narcotic Drugs and Psychotropic Substances) ആക്ട് പ്രകാരമാണ് റാഷിദ് അലിയെ അറസ്റ്റ് ചെയ്തത്. ജൂലൈ 11നാണ് ഇയാളെ ജയിലിൽ എത്തിച്ചത്. മയക്കുമരുന്ന് ശൃംഖല നടത്തിയതിനും ജയിലിനുള്ളിൽ നിന്ന് പണം തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. മൊബൈൽ ഫോണുകളും മറ്റ് നിരോധിത വസ്തുക്കളും ജയിലിൽ എത്തിയത് ചില ജയിൽ ജീവനക്കാരുടെ സഹായത്തോടെയെന്നാണ് കണ്ടെത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here