മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹർജി; രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം ന്യൂനപക്ഷ വേട്ടക്ക്

രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സമിതി (Catholic Bishops Council of India – CBCI) സുപ്രീം കോടതിയെ സമീപിച്ചു. സിബിസിഐ നല്‍കിയ ഹര്‍ജിയില്‍ മറുപടി തേടി സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിര്‍ബന്ധിതമോ വഞ്ചനാപരമോ കൂട്ടമായോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ ജയില്‍ ശിക്ഷ നല്‍കുന്നതാണ് ബിജെപി സര്‍ക്കാരിന്റെ പുതിയ നിയമം.

സമാനമായ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. തുടര്‍ന്ന് മറ്റ് ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസി എന്നിവരുടെ ബെഞ്ചിലേക്ക് സിബിസിഐയുടെ ഹര്‍ജിയും മാറ്റാന്‍ നിര്‍ദേശവും നല്‍കി. സംസ്ഥാനം പാസാക്കിയ നിയമത്തിലെ സെക്ഷന്‍ 5 (6), 10(3), 12, 13 എന്നിവ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മതപരിവര്‍ത്തനം നടത്തിയെന്ന് ഭരണകൂടത്തിന് തോന്നിയാല്‍ ആരാധന നടക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താനും പിടിച്ചെടുക്കാനും അവകാശം നല്‍കുന്ന വ്യവസ്ഥകളാണ് ഈ വകുപ്പുകളില്‍ അടങ്ങിയിരിക്കുന്നത്. കോടതിയുടെ പരിഗണനയ്ക്കു പോലും അയക്കുന്നതിന് മുമ്പ് തന്നെ ഇടിച്ചു നിരത്താനും പിടിച്ചെടുക്കാനും ഈ നിയമപ്രകാരം ഭരണകൂടത്തിന് അധികാരമുണ്ടാകും.

നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിന് മതപരിവര്‍ത്തന വിരുദ്ധ ബില്‍ (The Rajasthan Prohibition of Unlawful Conversion of Religion Bill, 2025) കഴിഞ്ഞ സെപ്റ്റംബര്‍ 9ന് രാജസ്ഥാന്‍ നിയമസഭ പാസാക്കി. ദീര്‍ഘകാല ജയില്‍ ശിക്ഷയും കനത്ത പിഴയും വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് ബില്‍. കൂട്ട മതപരിവര്‍ത്തനം നടന്നതായി കണ്ടെത്തിയാല്‍ സ്വത്തുക്കള്‍ പൊളിച്ചുമാറ്റാനും കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു. കോണ്‍ഗ്രസ് എതിര്‍പ്പിനെ മറികടന്നാണ് ബില്‍ പാസാക്കിയത്.

ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ളതാണി നിയമം എന്ന് വ്യക്തമാണ്. ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സമാന നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്. ബൈബിള്‍ വിതരണം ചെയ്തതിന്റെ പേരില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ഒരു പറ്റം ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതിനെതിരെ അലഹബാദ് ഹൈക്കോടതി യുപി പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

രാജസ്ഥാന്‍ നിയമസഭ പാസാക്കിയ മതപരിവര്‍ത്തന നിരോധിത ബില്ലില്‍ മതപരിവര്‍ത്തനത്തിന്റെ നിര്‍വചനത്തില്‍ ഈ പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന വിവാഹങ്ങളും ഉള്‍പ്പെടുന്നു. വിവാഹത്തിന് മുമ്പോ ശേഷമോ തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കി വശീകരിക്കുന്നതും അല്ലെങ്കില്‍ മതം മാറ്റാനുള്ള ഉദ്ദേശത്തോടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി ഒരാളെ വിവാഹം കഴിക്കുന്നതും മതപരിവര്‍ത്തനമായി കണക്കാക്കുകയും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ഇത്തരം വിവാഹങ്ങള്‍ കോടതി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കടുത്ത വ്യവസ്ഥകളടങ്ങിയതാണ് രാജസ്ഥാനിലെ നിയമം.

രാജ്യ വ്യാപകമായി മതപരിവര്‍ത്തന നിരോധനനിയമങ്ങള്‍ പാസാക്കി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന പശ്ചാത്തലത്തിലാണ് സിബിസിഐ നിയമ പോരാട്ടത്തിനിറങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top