ഗവർണർ വായിക്കാത്തത് മുഖ്യമന്ത്രി വായിച്ചു; കേരളത്തിൽ നയതന്ത്ര യുദ്ധം, തമിഴ്‌നാട്ടിൽ കടുത്ത പോര്

കേരളത്തിലും തമിഴ്‌നാട്ടിലും ഗവർണർമാരും സർക്കാരും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്. ബി.ജെ.പി അനുഭവമുള്ള ഗവർണർമാർ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാരിനോട് സ്വീകരിക്കുന്ന നിലപാടുകൾ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ഈ വർഷത്തെ നിയമസഭാ സമ്മേളങ്ങൾക്ക് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗങ്ങളിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും തമിഴ്‌നാട് ഗവർണർ ആർ.എൻ. രവിയും സ്വീകരിച്ച നിലപാടുകൾ ഇപ്പോൾ ചർച്ചയാവുകയാണ്.
കേരളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സർവ്വകലാശാല വിഷയങ്ങൾ മുതൽ ബില്ലുകൾ ഒപ്പിടുന്നത് വരെയുള്ള കാര്യങ്ങളിൽ കടുത്ത തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതിൽ കടുത്ത വിയോജിപ്പുകൾ ഉണ്ടായിരുന്നിട്ടും കേരള ഗവർണർ സഭയിൽ തന്റെ കടമ നിർവ്വഹിച്ചു. കേന്ദ്ര വിരുദ്ധ പരാമർശങ്ങളിൽ ചിലത് വായിക്കാതെ വിട്ടെങ്കിലും ഗവർണർ വിയോജിപ്പുകൾ ഒന്നും തുറന്ന് പറയാതെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ അവതരിപ്പിച്ചു.
Also Read : ഭാരതാംബ ചിത്രം നീക്കി ഗവർണർ; വിയോജിപ്പ് അറിയിച്ചെങ്കിലും സഹകരിച്ച് പിണറായി
ഗവർണർ സഭ വിട്ടതിന് പിന്നാലെ മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് ഈ വെട്ടിത്തിരുത്തലുകളെ ഔദ്യോഗികമായി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. ഭരണഘടനയുടെ അനുച്ഛേദം 176 അനുസരിച്ച് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ് സഭയിൽ നിലനിൽക്കുകയെന്നും ഗവർണർ വായിച്ചില്ലെങ്കിലും മന്ത്രിസഭ അംഗീകരിച്ച മുഴുവൻ ഭാഗങ്ങളും സഭാരേഖകളിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തി പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തതായും അദ്ദേഹം അറിയിച്ചു.
പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻകാല ഗവർണർമാർ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ഇത്തവണ സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള തുടക്കം കേരളത്തിൽ കാണാനായി. പല ഭാഗങ്ങളും ഗവർണർ വായിക്കാതെ വിട്ടെങ്കിലും നയപ്രസംഗത്തിലെ നിർണായകമായ പല വിമർശനങ്ങൾ ഗവർണർ വായിച്ചത് ശ്രദ്ധേയമായി. കേരളത്തിന് അർഹമായ ജിഎസ്ടി വിഹിതം വെട്ടിക്കുറച്ചതിനെയും വായ്പാ പരിധി നിശ്ചയിച്ചതിനെയും ഗവർണർ വിമർശിച്ചു. കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈകടത്തുന്നതായി നയപ്രഖ്യാപനത്തിൽ കുറ്റപ്പെടുത്തി. സഭയുമായുള്ള ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഗവർണർ തയ്യാറായി എന്നത് ശ്രദ്ധേയമാണ്.
അർലേക്കർ തന്ത്രപരമായ വെട്ടിത്തിരുത്തലുകൾ നടത്തിയപ്പോൾ, തമിഴ്‌നാട്ടിൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപനം പൂർണ്ണമായും ബഹിഷ്കരിച്ച് സഭ വിട്ടിറങ്ങിപ്പോയി. ഡി.എം.കെ സർക്കാരുമായി നിരന്തരമായ സംഘർഷം നിലനിൽക്കുന്ന ഗവർണർ ആർ.എൻ. രവി, നയപ്രഖ്യാപന പ്രസംഗം തന്നെ ഒഴിവാക്കി സഭ വിട്ടിറങ്ങിപ്പോയി. സർക്കാർ തയ്യാറാക്കിയ പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും, ക്രമസമാധാനം പോലുള്ള വിഷയങ്ങളിൽ സർക്കാർ പരാജയമാണെന്നും ആരോപിച്ചാണ് ഗവർണർ പ്രസംഗം വായിക്കാൻ വിസമ്മതിച്ചത്. ദേശീയഗാനത്തോട് സർക്കാർ അനാദരവ് കാണിക്കുന്നു എന്ന പുതിയ വാദം കൂടി ഉയർത്തിയാണ് അദ്ദേഹം തന്റെ ഇറങ്ങിപ്പോക്കിനെ ന്യായീകരിച്ചത്.
കേരളത്തിലെ ഗവർണർ-സർക്കാർ പോര് പലപ്പോഴും ക്ലൈമാക്സിൽ എത്തുമ്പോൾ അപ്രതീക്ഷിതമായി തണുക്കുന്നത് അണിയറയിലെ ഒത്തുതീർപ്പ് ചർച്ചകളുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്. ഭരണഘടനാപരമായ കടമകൾക്കപ്പുറം രാഷ്ട്രീയമായ ലക്ഷ്യങ്ങൾ ഇത്തരം നിലപാടുകൾക്ക് പിന്നിലുണ്ടോ എന്ന ചോദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ ഈ സംഭവവികാസങ്ങൾ ഉയർത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here