ചോർന്ന കത്ത് സിപിഎമ്മിനെ വല്ലാതെ വേട്ടയാടും; ഇടനിലക്കാരന്‍ നേതാക്കളുമൊത്ത് വ്യാപക തട്ടിപ്പുകള്‍ നടത്തിയെന്ന ഷർഷാദിൻ്റെ ആക്ഷേപം ഞെട്ടിക്കുന്നത്

നിരവധി സിപിഎം നേതാക്കളുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പ്രവാസി മലയാളിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിയെ പിടിച്ചുലക്കുന്നു. ചെന്നൈയിലെ വ്യവസായിയും മാഹി സ്വദേശിയായ സിപിഎം അനുഭാവി ബി മുഹമ്മദ് ഷര്‍ഷാദ് പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ക്ക് 2022 മാര്‍ച്ചില്‍ നല്‍കിയ കത്തില്‍ അതീവ ഗുരുതരമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ദുരുഹ വ്യക്തിത്വമുള്ള വ്യക്തികളുമായി നേതാക്കളും പാര്‍ട്ടി അംഗങ്ങളും ചങ്ങാത്തമോ ഇടപാടുകളോ പാടില്ലെന്ന പാര്‍ട്ടിയുടെ തെറ്റുതിരുത്തല്‍ രേഖയുടെ പരസ്യമായ ലംഘനം നടന്നുവെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണനാണ് ഷര്‍ഷാദ് ആദ്യം പരാതി നല്‍കിയത്. ഇതേ പരാതി അന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നല്‍കിയിരുന്നു.

ബിബിസിയുടെ ലേഖകനെന്നും ലണ്ടനിലെ വ്യവസായിയെന്നും അവകാശപ്പെടുന്ന രാജേഷ് കൃഷ്ണ എന്ന പഴയ എസ്എഫ്‌ഐ നേതാവ് കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് കേരളത്തിലെ സിപിഎം മന്ത്രിമാരുടേയും നേതാക്കളുടേയും അടുപ്പക്കാരനായത്. മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പിന്റെ മന്ത്രിയായിരുന്ന കാലത്ത് വകുപ്പിന്റെ പദ്ധതികളില്‍ ബ്രിട്ടനിലെ സന്നദ്ധ സംഘടനയായ പ്ലാസ്റ്റ് സേവ് എന്ന എന്‍ജിഒയുമായി ചേര്‍ന്ന് ചില പരിപാടികള്‍ നടത്തുമെന്ന് പറഞ്ഞ് രാജേഷ് 50 ലക്ഷം രൂപ ഇന്ത്യയിലേക്ക് കടത്തിയെന്ന് ഷര്‍ഷാദ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കടലാസ് കമ്പിനി തട്ടിക്കൂട്ടിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

ബ്രെയിന്‍ ടൂമര്‍ ബാധിതരായ കുട്ടികള്‍ക്കായി രാജേഷ് കൃഷണ നടത്തിയ ലണ്ടന്‍ – കൊച്ചി റോഡു യാത്രയുടെ പേരില്‍ വന്‍ പണപ്പിരിവും സ്‌പോണ്‍സര്‍ഷിപ്പും നേടി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പോലും ഈ ഇടനിലക്കാരന്‍ തന്റെ യാത്രക്കായി വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നും ഷര്‍ഷാദ് എഴുതിയിട്ടുണ്ട്. പ്രശസ്ത സിനിമാ താരം ശോഭനയുടെ ഡാന്‍സ് പരിപാടി ചാരിറ്റിയുടെ പേരില്‍ നടത്തി പണം തട്ടി. ലോക കേരള സഭാംഗം എന്ന പേരുപയോഗിച്ചു ഇയാള്‍ ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആരോപിക്കുന്നുണ്ട്.

സിപിഎം നേതാക്കളും മന്ത്രിമാരുമായുള്ള സ്വാധീനമുപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്ന ഒന്നാം തരം പവര്‍ ബ്രോക്കറാണ് രാജേഷ് കൃഷ്ണയെന്നാണ് അതീവ ഗുരുതരമായ ആക്ഷേപം. അന്താരാഷ്ട്ര പ്രവര്‍ത്തിപരിചയം ഉണ്ടെന്ന് അവകാശപ്പെടുന്ന ഇയാള്‍ക്ക് സാമാന്യ ഇംഗ്ലീഷ് പരിജ്ഞാനം പോലുമില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. ബിബിസിയില്‍ ജോലി ചെയ്തുവെന്ന് പറയുന്നതു പോലും കളവാണെന്നാണ് മറ്റൊരു ആക്ഷേപം. അങ്ങനെ ഒരാള്‍ ബിബിസിയില്‍ ജോലി ചെയ്തിട്ടില്ലെന്നും മുന്‍പ് അവിടെ ജോലി ചെയ്തവരെ ഉദ്ധരിച്ചു കൊണ്ടാണ് ഷര്‍ഷാദ് സ്ഥാപിക്കുന്നത്. ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തുന്ന നേതാക്കളുമായി ചങ്ങാത്തം സ്ഥാപിച്ച് ഫണ്ട് ദുരുപയോഗം നടത്തുന്നത് പതിവാണ്.

സ്പീക്കര്‍മാരായിരുന്ന പി ശ്രീരാമകൃഷ്ണനും എംബി രാജേഷും ലണ്ടനില്‍ പര്യടനം നടത്തിയ വേളയില്‍ ഇയാളുടെ ആതിഥേയത്വം സ്വീകരിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരൂന്നു. യുകെയിലെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പോലും രാജേഷ് കൃഷണയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിഗൂഢമാണ്. ശ്രീലങ്കന്‍ യുദ്ധം ബിബിസിക്കു വേണ്ടി കവര്‍ ചെയ്തത് താനാണെന്നും രാജേഷ് അവകാശപ്പെട്ടിട്ടുണ്ട്. ഈ അവകാശവാദങ്ങളുടെ നിജസ്ഥിതി മന്ത്രിമാരോ നേതാക്കളോ ഉദ്യോഗസ്ഥരോ പരിശോധിച്ചിട്ടില്ലെന്ന് പരാതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്.

“നേതാതാക്കളുടെ ആശ്രിത വത്സലന്‍ എന്ന നിലയ്ക്ക് നമുക്ക് തോന്നിപ്പോകുന്ന തരത്തില്‍ ആണ് ടിയാനും നേതാക്കള്‍ തന്നെയും പെരുമാറുന്നത്.
നിലവിലെ ബഹുമാനപ്പെട്ട ക്യാബിനറ്റ് അംഗങ്ങളായ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, സ്പീക്കര്‍ എംബി രാജേഷ്, മുന്‍ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍,മേഴ്‌സിക്കുട്ടി അമ്മ, മുന്‍ സ്പീക്കര്‍ ശ്രീ രാമകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എംപി, സംസ്ഥാന കമ്മറ്റി അംഗം പി ശശി, ടി എന്‍ സീമ, പി കെ ബിജു,എം.സ്വരാജ്, ടി വി രാജേഷ്, സേവ്യര്‍ ചിറ്റിലപ്പള്ളി എം എല്‍ എ, മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്, മുന്‍ എം എല്‍എ പ്രദീപ് കുമാര്‍,
എ എ റഹിം, തുടങ്ങി പാര്‍ട്ടിയുടെ വിവിധ അടരുകളില്‍ വിവിധ നിലകളില്‍ പ്രവര്‍ത്ത ക്കുന്ന സഖാക്കള്‍, സിനിമാ നടന്‍ മമ്മൂട്ടി, സിനിമാ നിര്‍മാതാവ് ജോര്‍ജ് നിര്‍മാതാവ് ആന്റോ ജോസഫ്, മാധ്യമപ്രവര്‍ത്തകരായ എംവി നികേഷ്‌കുമാര്‍, ഹര്‍ഷന്‍, സനീഷ് ഇളയിടത്ത്, എംപി ബഷീര്‍, എഴുത്തുകാരി കെആര്‍ മീര, ദീപാ നിഷാന്ത്, അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങി മാധ്യമ – സിനിമാ -സാഹിത്യ സാംസ്‌കാരിക ബിസിനസ് രംഗത്തെ സ്വാധീന ശേഷിയുള്ളവരുമായ വ്യക്തികള്‍ എന്നിവരുമായെല്ലാം പ്രമുഖരും വളരെ നിര്‍ണായകമായ അടുപ്പവും ഇടപാടുകളും രാജേഷിന് ഉള്ളതായി എനിക്ക് ബോധ്യപ്പെ ിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ആളുകളും രാജേഷിന്റെ പ്രഭാവത്തില്‍ ആകൃഷ്ടരായി തങ്ങള്‍ക്ക് വേണ്ടി എന്തും രാജേഷിന്റെ എന്തും ചെയ്യാന്‍ സന്നദ്ധനായി നില്‍ക്കുന്ന ഒരാളുടെ വാക്കിലും സമീപനത്തിലും വീണു പോയവര്‍ ആണെന്നുള്ളതാണ് വസ്തുത” ഷര്‍ഷാദ് കോടിയേരി ബാലകൃഷ്ണന് നല്‍കിയ പരാതിയില്‍ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുണ്ട്.

“സ്ത്രീധന പീഡന പരാതികള്‍, അവിഹിത ബന്ധങ്ങള്‍, സാമ്പത്തിക തട്ടിപ്പ്, ശിപാര്‍ശകള്‍,.ഒത്തുതീര്‍പ്പ്, ഇടനില, ഫണ്ട് തിരിമറികള്‍, പണ ദുര്‍വ്യയം, മാധ്യമ വാര്‍ത്തകള്‍, ഫീച്ചറുകള്‍ നല്‍കി ഉള്ള മാനിപ്പുലേഷനുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തുന്ന കാന്‍വാസിംഗ് തട്ടിപ്പുകള്‍ തുടങ്ങി തികച്ചും ഞെട്ടല്‍ ഉളവാക്കുന്ന നിരവധി കാര്യങ്ങള്‍ രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ട് നിലനിക്കുന്നുണ്ട്. വന്‍ തോതില്‍ വിദേശ പണം തന്റെ ഭാര്യയടക്കമുള്ള വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി കടത്തിയിട്ടുണ്ട്” ഷര്‍ഷാദ് ആരോപിക്കുന്നു.

ഇടത് മുന്നണി അധികാരത്തിലിരിക്കുന്ന കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സിപിഎമ്മിനുള്ളില്‍ നടന്ന എല്ലാത്തരം കൊള്ളരുതായ്മകളും ഇടനിലക്കാരെ ഉപയോഗിച്ച് നടത്തിയെന്നാണ് ഷര്‍ഷാദിന്റെ കത്തുകള്‍ തെളിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here