തലൈവർക്ക് 75–ാം പിറന്നാൾ; ആശംസകളുമായി മോദി മുതൽ കമൽ ഹാസൻ വരെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരമായ രജനീകാന്തിന് ഇന്ന് 75-ാം പിറന്നാൾ. ആശംസകൾ നേർന്ന് രാഷ്ട്രീയ സിനിമാ രംഗത്തെ പ്രമുഖർ. അരനൂറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തിയ തലൈവർക്ക് ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകൾ അർപ്പിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രജനീകാന്തിൻ്റെ അഭിനയ ജീവിതത്തിലെ 50 വർഷങ്ങൾ പൂർത്തിയായ ഈ വർഷം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതായി എക്സിൽ കുറിച്ചു. രജനീകാന്തിൻ്റെ അടുത്ത സുഹൃത്തും നടനുമായ കമൽ ഹാസൻ ഇരുവരും ഒന്നിച്ച് നിൽക്കുന്ന ചിത്രം എക്സിൽ പങ്കുവെച്ചുകൊണ്ട് ആശംസകൾ അറിയിച്ചു.
Also Read : ലോകേഷ്-രജനി ചിത്രത്തോട് ഷാരൂഖ് നോ പറഞ്ഞു; ‘തലൈവർ 171’ൽ രൺവീർ എത്തുമോ?
ഇവരെ കൂടാതെ മുൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി, സംവിധായകൻ കാർത്തിക് സുബ്ബരാജ്, നടി സിമ്രാൻ എന്നിവരടക്കമുള്ള നിരവധി പേർ രജനീകാന്തിന് ആശംസകൾ അറിയിച്ചു. ഈ സുപ്രധാന ദിനം ആഘോഷമാക്കാൻ രജനീകാന്തിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പടയപ്പയുടെ റീമാസ്റ്റേർഡ് 4K പതിപ്പ് തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്തു.

വിഖ്യാത സംവിധായകൻ കെ. ബാലചന്ദറിൻ്റെ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനീകാന്ത് സിനിമയിൽ എത്തുന്നത്. ആദ്യ കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങളെയാണ് രജനികാന്ത് കൂടുതലായി അവതരിപ്പിച്ചത്. പതിനാറു വയതിനിലെ, കവിക്കുയിൽ തുടങ്ങിയ സിനിമകളിലെ ക്രൂരനായ വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടി. 1978-ൽ പുറത്തിറങ്ങിയ ‘ഭുവന ഒരു കേൾവിക്കുറി’ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്യുന്നത്.
Also Read : രജനികാന്തിന്റെ തലൈവർ170 ഇനി വേട്ടയ്യൻ; റിലീസ് അടുത്ത വർഷം
80-കളോടെ അദ്ദേഹം വില്ലൻ വേഷങ്ങൾ ഉപേക്ഷിച്ചു. തന്റേതായ സ്റ്റൈലും മാനറിസങ്ങളും ഈ കാലഘട്ടത്തിൽ രജനീകാന്തിൻ്റെ ട്രേഡ്മാർക്കായി മാറി. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ ഒരേ സമയം സജീവമായതോടെ രാജ്യമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ടായി. ‘ബില്ല’, ‘മുറട്ടു കാളൈ’ തുടങ്ങിയ സിനിമകളിലൂടെ രജനീകാന്ത് ജനപ്രിയനായകനായി മാറുകയായിരുന്നു.

ഈ കാലഘട്ടത്തിലാണ് ‘തലൈവർ’ എന്ന പദവി അദ്ദേഹത്തിന് ലഭിക്കുന്നത്. അണ്ണാമലൈ, ബാഷ, മുത്തു, ‘പടയപ്പ’ തുടങ്ങിയ ചിത്രങ്ങൾ തമിഴ് സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു. ‘മുത്തു’ ജപ്പാനിൽ വലിയ വിജയം നേടിയതോടെ, ലോകമെമ്പാടുമുള്ള പ്രേക്ഷകരെ നേടിയ ആദ്യ ഇന്ത്യൻ നടന്മാരിൽ ഒരാളായി രജനീകാന്ത് മാറി.
2007ൽ പുറത്തിറങ്ങിയ ‘ശിവാജി: ദി ബോസ്’ എന്ന ചിത്രത്തോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അദ്ദേഹം മാറി. 2010ൽ പുറത്തിറങ്ങിയ എന്തിരൻ,അതിൻ്റെ രണ്ടാം ഭാഗമായ 2.0 എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം പുതിയ കാലത്തെ സിനിമയിൽ തന്റെ അടയാളപ്പെടുത്തലുകൾ നടത്തി. പേട്ട , കബാലി, ജയിലർ തുടങ്ങിയ പുതിയ തലമുറ സംവിധായകരുമായുള്ള സഹകരണത്തിലൂടെ അദ്ദേഹം തൻ്റെ പ്രസക്തി നിലനിർത്തി. ഈ അഞ്ച് പതിറ്റാണ്ടിനിടെ പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് തുടങ്ങി രാജ്യത്തെ പരമോന്നത ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here