ആയുധവിപണിയിൽ ഇന്ത്യയുടെ വിശ്വരൂപം; പിനാക റോക്കറ്റുകൾ അർമേനിയയിലേക്ക്

നമ്മൾ ഒരു പുതിയ ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിന്റെ ആയുധപ്പുരകളായിരുന്ന വൻശക്തികൾ ഇന്ന് ഇന്ത്യയുടെ വാതിലിൽ ആയുധങ്ങൾക്കായി മുട്ടുകയാണ്. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസ് പ്ലാന്റിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആ പച്ചക്കൊടി വീശിയിരിക്കുന്നു. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് പിനാക (Guided Pinaka) മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനത്തിന്റെ ആദ്യ ബാച്ച് അർമേനിയയിലേക്ക് യാത്ര തിരിച്ചിരിക്കുന്നു. എങ്ങനെയാണ് ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമെന്ന നിലയിൽ നിന്നും ലോക ശക്തികൾക്ക് ആയുധങ്ങൾ നൽകുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയത്, ആയുധകയറ്റുമതി മേഖലയിൽ 23,000 കോടിയുടെ വമ്പൻ വളർച്ചയ്ക്ക് പിന്നിലെ രഹസ്യമെന്താണ്? നമുക്ക് നോക്കാം.

ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും, നമ്മൾ പലപ്പോഴും റഷ്യയോടോ അമേരിക്കയോടോ ആയുധങ്ങൾക്കായി കൈനീട്ടുകയായിരുന്നു. എന്നാൽ ഇന്ന് ചിത്രം മാറി. 2013-14 കാലയളവിൽ നമ്മുടെ ആയുധ കയറ്റുമതി വെറും 686 കോടി രൂപയായിരുന്നു. എന്നാൽ 2024-25-ൽ അത് 23,000 കോടി കടന്നു. അതായത് ഏകദേശം 30 മടങ്ങ് വർദ്ധനവ്. 2029-ഓടെ 50,000 കോടി രൂപയുടെ ആയുധങ്ങൾ ലോകത്തിന് വിൽക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകരാജ്യങ്ങൾ മറ്റ് പ്രബല രാജ്യങ്ങളുടെ ആയുധങ്ങളേക്കാൾ ഇന്ത്യൻ ആയുധങ്ങളെ വിശ്വസിക്കുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. റഷ്യൻ ആയുധങ്ങളുടെ കരുത്തും പാശ്ചാത്യ രാജ്യങ്ങളുടെ സാങ്കേതികവിദ്യയും കുറഞ്ഞ ചിലവിൽ ഇന്ത്യ നൽകുന്നു. കൂടാതെ ആയുധങ്ങൾ നൽകി രാഷ്ട്രീയമായി ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതി ഇന്ത്യയ്ക്കില്ല. ഇതൊക്കെ കൊണ്ട് തന്നെയാണ് നിർണ്ണായക ഘട്ടത്തിൽ അർമേനിയ ഇന്ത്യയുടെ ഗൈഡഡ് പിനാകകൾ വാങ്ങി കൂട്ടിയത്.

Also Read : ആവനാഴിയിൽ പുത്തൻ പടക്കോപ്പുകൾ നിറച്ച് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പേറും

ശിവന്റെ വില്ലിന്റെ പേരാണ് പിനാക. ആ പേര് അന്വർത്ഥമാക്കുന്നതാണ് ഈ റോക്കറ്റ് ലോഞ്ചർ. വെറും 44 സെക്കൻഡിൽ 12 റോക്കറ്റുകൾ തൊടുക്കാൻ ഇതിന് കഴിയും. അസർബൈജാനുമായുള്ള യുദ്ധത്തിൽ ഡ്രോണുകളെ പ്രതിരോധിക്കാൻ അർമേനിയ തിരഞ്ഞെടുത്തത് നമ്മുടെ പിനാകയെയാണ്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത്, സോളാർ ഇൻഡസ്ട്രീസ് നിർമ്മിച്ച അത്യാധുനിക മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചർ സംവിധാനമാണ് പിനാക. ഇതിന്റെ പരിഷ്കരിച്ച രൂപമാണ് ‘ഗൈഡഡ് പിനാക’. സാധാരണ റോക്കറ്റുകളെപ്പോലെയല്ല, ഇതിൽ ഒരു ഗൈഡൻസ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. അതായത്, വിക്ഷേപിച്ച ശേഷം പാത മാറ്റാനും 75 കിലോമീറ്റർ ദൂരെയുള്ള ശത്രുക്കളെ ആക്രമിക്കാനും ഇതിന് സാധിക്കും. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക റോക്കറ്റ് സംവിധാനം മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നത് ഇതാദ്യമായാണ്. ഇത് ഇന്ത്യയുടെ ആയുധ വ്യാപാര ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ്. ഇത് പൂർണ്ണമായും ഇന്ത്യൻ സ്വകാര്യ കമ്പനിയായ സോളാർ ഇൻഡസ്ട്രീസ് നിർമ്മിച്ചു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

പതിറ്റാണ്ടുകളായി ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകളും ആയുധങ്ങളും നിർമ്മിച്ചിരുന്നത് സർക്കാരിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറി ബോർഡ് മാത്രമായിരുന്നു. 2021-ൽ കേന്ദ്ര സർക്കാർ 200 വർഷം പഴക്കമുള്ള ഓർഡനൻസ് ഫാക്ടറി ബോർഡ് പിരിച്ചുവിട്ടു. പകരം അവയെ 7 പുതിയ പൊതുമേഖലാ കമ്പനികളാക്കി മാറ്റി. ഇത് ആയുധ നിർമ്മാണത്തിൽ കൂടുതൽ വേഗതയും, കൃത്യതയും, ആഗോള നിലവാരവും കൊണ്ടുവരാൻ സഹായിച്ചു. ഇന്ന് ടാറ്റ, എൽ ആൻഡ് ടി, സോളാർ ഇൻഡസ്ട്രീസ്, ഭാരത് ഫോർജ് തുടങ്ങിയ സ്വകാര്യ ഭീമന്മാർ ആയുധനിർമ്മാണ രംഗത്തുണ്ട്.

നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസ് വെറും ബോംബ് നിർമ്മാണത്തിൽ നിന്ന് മാറി ലോകത്തിലെ തന്നെ മികച്ച റോക്കറ്റ് നിർമ്മാതാക്കളായി മാറിയിരിക്കുന്നു. അർമേനിയയുമായി നമ്മൾ നടത്തുന്നത് വെറുമൊരു ആയുധ കച്ചവടമല്ല, അത് ഇന്ത്യയുടെ തന്ത്രപരമായ വിജയമാണ്. തെക്ക്-കിഴക്കൻ ഏഷ്യ മുതൽ മിഡിൽ ഈസ്റ്റ് വരെ ഇന്ന് ഇന്ത്യയുടെ ആയുധങ്ങൾ കാവൽ നിൽക്കുന്നു. ഒരു വിശ്വശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. അസർബൈജാനുമായുള്ള അതിർത്തി തർക്കത്തിൽ നിൽക്കുന്ന അർമേനിയ, റഷ്യൻ ആയുധങ്ങൾക്ക് പകരം ഇന്ത്യൻ ആയുധങ്ങളെ തിരഞ്ഞെടുത്തു എന്നത് ലോകവേദിയിൽ ഇന്ത്യൻ ആയുധങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യ, ഇന്ന് ലോകത്തിന് ആയുധം വിൽക്കുന്ന രാജ്യമായി മാറിയിരിക്കുന്നു. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും തോക്കുകൾക്ക് വേണ്ടി കാത്തുനിന്ന കാലം അവസാനിച്ചു. ഇന്ന് നമ്മുടെ പിനാകയും ബ്രഹ്മോസും ആകാശത്ത് അതിരുകൾ തീർക്കുമ്പോൾ, അത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെക്കൂടിയാണ് ശക്തിപ്പെടുത്തുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top