പിണറായി വിജയനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; ‘കേരള രാഷ്ട്രീയം പഠിക്കണമെന്ന്’ എംവി ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് അത്താവലെയ്ക്ക് അറിവില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
കണ്ണൂരിൽ സംസാരിക്കവെയാണ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ മുഖ്യമന്ത്രിയെ എൻഡിഎയിലേക്ക് ക്ഷണിച്ചത്. പിണറായി വിജയൻ എൻഡിഎയിൽ ചേരുന്നത് വിപ്ലവകരമായ മാറ്റമാകുമെന്നും, അങ്ങനെ ചെയ്താൽ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ ഫണ്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനായി പിണറായി എൻഡിഎയുടെ ഭാഗമാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നാണ് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തിയത്. എൻഡിഎയിൽ ചേർന്നാൽ മാത്രമേ കേന്ദ്ര ഫണ്ട് ലഭിക്കൂ എന്ന് പറയുന്നത് ജനാധിപത്യത്തിന് നിരക്കാത്തതാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബിജെപിയോടും എൻഡിഎയോടുമുള്ള നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here