മാധ്യമപ്രവർത്തകനെ ഗുസ്തിക്ക് വെല്ലുവിളിച്ച് ബാബ രാംദേവ്; എതിരാളി ‘പുലിക്കുട്ടി’യാണെന്ന് അറിഞ്ഞത് വൈകി!

ബാബ രാംദേവും മാധ്യമപ്രവർത്തകനും തമ്മിൽ വേദിയിൽ നടന്ന ഗുസ്തി മത്സരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമുഖ മാധ്യമസ്ഥാപനം സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു 59കാരനായ രാംദേവ് വേദിയിലുണ്ടായിരുന്ന എഡിറ്ററെ ഗുസ്തിക്ക് വെല്ലുവിളിച്ചത്. എന്നാൽ താൻ വെല്ലുവിളിച്ചത് സാധാരണക്കാരനെയല്ല, മറിച്ച് ഗുസ്തി പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള ഒരാളെയാണെന്ന് രാംദേവ് വൈകിയാണ് തിരിച്ചറിഞ്ഞത്.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ജയദീപ് കർണിക് ആയിരുന്നു രാംദേവിന്റെ എതിരാളി. രാംദേവ് പരാജയപ്പെടുത്താൻ നോക്കിയെങ്കിലും ജയദീപ് വിട്ടുകൊടുത്തില്ല. ഇടയ്ക്ക് രാംദേവ് അദ്ദേഹത്തെ താഴെ വീഴ്ത്തിയെങ്കിലും ജയദീപ് തന്ത്രപരമായി തിരിച്ചുവന്നു. ഒടുവിൽ ഇരുവരും ചിരിച്ചുകൊണ്ട് കൈകൊടുത്തു പിരിയുകയായിരുന്നു.
ശക്തമായ ഗുസ്തി പാരമ്പര്യമുള്ള കുടുംബമാണ് ജയദീപിന്റേത്. അദ്ദേഹത്തിന്റെ പിതാവ് സുഭാഷ് കർണിക് മധ്യപ്രദേശിലെ പ്രശസ്തനായ ഗുസ്തിക്കാരനായിരുന്നു. മുത്തച്ഛൻ രംഗനാഥ് പേരുകേട്ട ഗുസ്തിക്കാരനായിരുന്നു. വീഡിയോ വൈറലായതോടെ ഇതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.
‘ഈ പ്രായത്തിലും ബാബ രാംദേവിന്റെ ഫിറ്റ്‌നസ് അപാരമാണ്’ എന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, എളുപ്പത്തിൽ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക് കിട്ടിയ എട്ടിന്റെ പണിയായിപ്പോയി ഇത്’ എന്ന് മറ്റുചിലർ പരിഹസിച്ചു. മുമ്പും സുശീൽ കുമാർ ഉൾപ്പെടെയുള്ള ഒളിമ്പിക് മെഡൽ ജേതാക്കളുമായി രാംദേവ് ഗുസ്തി പിടിച്ചിട്ടുണ്ട്. ശാരീരികക്ഷമതയ്ക്കും സ്റ്റാമിനയ്ക്കും ഗുസ്തി മികച്ച വ്യായാമമാണെന്നാണ് രാംദേവിന്റെ പക്ഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here