പിണറായി വിജയൻ മോദിയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹങ്ങൾ നടപ്പിലാക്കാനുള്ള ദൗത്യത്തിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി വർക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല. എറണാകുളം ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മും ബി.ജെ.പിയും സഖ്യകക്ഷികളാണെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ബി.ജെ.പിയും ബി.ജെ.പിക്ക് വേണ്ടി മുഖ്യമന്ത്രിയും പ്രസ്താവനകൾ നടത്തുന്ന വിചിത്രമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രമാണ് മുഖ്യമന്ത്രി പയറ്റുന്നത്. കേരളത്തെ വർഗീയമായി ധ്രുവീകരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന കാര്യത്തിൽ മോദിയോട് മത്സരിക്കുകയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.

Also Read : മറ്റത്തൂരിലെ താമരക്കൈ സഖ്യം; കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഉണങ്ങേണ്ട മുറിവുകൾ മുഖ്യമന്ത്രി വീണ്ടും മാന്തിപ്പൊളിക്കുകയാണ്. മാറാട് കലാപം വീണ്ടും ആവർത്തിക്കുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ച് വർഷക്കാലത്ത് ഒരു വർഗീയ കലാപം പോലും കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷ വോട്ടുകൾക്കായി സി.എ.എ (CAA) വിഷയം ഉയർത്തിയ മുഖ്യമന്ത്രി, ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കാൻ ആഗോള അയ്യപ്പ സംഗമം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് മുഖ്യമന്ത്രി തന്നെ കളമൊരുക്കുകയാണെന്നും സുരേഷ് ഗോപിയുടെ വിജയവും തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പിയുടെ മുന്നേറ്റവും ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പിക്ക് ഏതാനും എം.എൽ.എമാരെ കൂടി ലഭിക്കുന്നത് വരെ മുഖ്യമന്ത്രി വിശ്രമിക്കില്ലെന്ന് തോന്നുന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top