സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് ശേഷം ബലാത്സംഗ ആരോപണം; കോടതികൾ ജാഗ്രത കാട്ടണമെന്ന് ഹൈക്കോടതി

ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഈ കാര്യത്തിൽ കീഴ് കോടതികൾ ജാഗ്രത പുലർത്തണമെന്ന് ഹൈക്കോടതി പറഞ്ഞത്. ബലാത്സംഗ ആരോപണം തെറ്റാണെങ്കിൽ കുറ്റവിമുക്തനാക്കിയാലും ആരോപണവിധേയന്റെ ജീവിതത്തെയാകെ അത് ബാധിക്കുമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചൂണ്ടിക്കാട്ടി.
ബലാത്സംഗക്കേസിൽ പ്രതിയായ മലപ്പുറം സ്വദേശിക്ക് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനിയായിരുന്നു പരാതിക്കാരി. വിവാഹിതയായ ഇവർ ഭർത്താവുമായി അകന്നുകഴിയുകയായിരുന്നു. നവംബറിൽ ഹർജിക്കാരനോടൊപ്പം വയനാട്ടിലേക്ക് പോകുംവഴി ഹോട്ടൽ മുറിയിൽ വച്ചായിരുന്നു തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. ഉഭയസമ്മത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് പരാതിക്കാരിയുടെ മൊഴിയിൽ വ്യക്തമായിരുന്നുവെന്ന് കോടതി വിലയിരുത്തി.
ബലാത്സംഗക്കേസിൽ അറസ്റ്റിലായാൽ അതിന്റെ കറ ജീവിതത്തിലൊരിക്കലും കഴുകിക്കളയാനാകില്ലെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാഹചര്യം പരിശോധിക്കാതെ ജാമ്യഹർജിയിൽ തീരുമാനമെടുക്കരുത്. അല്ലെങ്കിൽ അത് ആരോപണത്തിന് ഇരയാകുന്നവരുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here