റാപ്പര്‍ വേടന്റേത് തുണിയില്ലാ ചാട്ടം; ഇത് പട്ടികജാതിക്കാരന്റെ കലയല്ല; അധിക്ഷേപ പരാമര്‍ശവുമായി കെപി ശശികല

റാപ്പര്‍ വേടനെതിരെ അതിരൂക്ഷമായ പരാമര്‍ശങ്ങളുമായി ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല. പാലക്കാട് ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയിലാണ് വേടന്റേത് തുണിയില്ലാ ചാട്ടമാണെന്നത് അടക്കമുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ ശശികല നടത്തിയത്. വേടനെ പോലെയുള്ളവരുടെ ഇത്തരം പ്രകടനങ്ങള്‍ക്ക് മുന്നില്‍ സമാജം തന്നെ അപമാനിക്കപ്പെടുകയാണെന്നും ശശികല പറയുന്നു.
റാപ്പ് സംഗീതം ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപമല്ല. എന്നിട്ടും അതിനെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഫണ്ട് ചെലവഴിച്ച് ഒരു പരിപാടി നടത്തുമ്പോള്‍ റാപ്പ് മ്യൂസിക്കല്ല വേണ്ടത്. അവരുടെ തനത് കലാരൂപമാണ്. അല്ലാതെ അവരുമായി പുലബന്ധം പോലുമില്ലാത്ത തുണിയില്ലാ ചാട്ടം അല്ല സംഘടിപ്പിക്കേണ്ടത്. കഞ്ചാവുകള്‍ പറയുന്നതോ കേള്‍ക്കുയുള്ളൂ എന്ന രീതി ഭരണകൂടം മാറ്റണമെന്നും ശശികല പ്രസംഗിച്ചു.
കഞ്ചാവുകള്‍ക്ക് മുന്നില്‍ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ്, കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി. ഇക്കാര്യം ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നതെന്നും ശശികല പറഞ്ഞു.
വേടന് സര്‍ക്കാര്‍ വേദി നല്‍കിയതിനേയും വേടന്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളേയും ഒരുപോലെ വിമര്‍ശിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് ചെയ്തിരിക്കുന്നത്. നേരത്തെ വേടന്റെ പാട്ടുകള്‍ ജാതിഭീകരത ഉണ്ടാക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് എന്‍ആര്‍ മധുവും വിമര്‍ശിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here