റാപ്പര്‍ വേടന് തിങ്കളാഴ്ച വരെ ആശ്വാസം; അറസ്റ്റ് തടഞ്ഞു; രേഖകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് സമയം അനുവദിച്ച് ഹൈക്കോടതി

ബലാത്സംഗക്കേസില്‍ തിങ്കളാഴ്ച വരെ റാപ്പര്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി വീണ്ടും പരിഗണിക്കുന്ന തിങ്കളാഴ്ചവരെയാണ് അറസ്റ്റ് തടഞ്ഞത്. രേഖകള്‍ ഹാരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പരാതിക്കാരിയുടെ അപേക്ഷ കൂടി പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
തിങ്കളാഴ്ച ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തു എന്നാണ് യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നല്‍കി എന്നതുകൊണ്ട് മാത്രം അത് ക്രിമിനല്‍ കുറ്റകൃത്യം ആകുന്നില്ലെന്ന് കോടതി വാദത്തിനിടെ ചൂണ്ടികാട്ടിയിരുന്നു. സമാനമായ പരാതികള്‍ രണ്ട് യുവതികള്‍ കൂടി നൽകിയതായി അതിജീവിതയുടെ അഭിഭാഷക ഇതിന് മറുപടി നല്‍കി. ഈ കേസിനെ മറ്റൊരു കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് കോടതി വ്യക്തമാക്കി.
പൊലീസിനു മുന്നില്‍ പരാതിക്കാരി നല്‍കിയ മൊഴി മാത്രമേ പരിഗണിക്കാനാകുവെന്നും കോടതി നിലപാട് എടുത്തു. പ്രോസിക്യൂഷന്‍ വേടനെ സഹായിക്കുകയാണെന്നും നിര്‍ണായക തെളിവായ വാട്‌സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് പരാതിക്കാരി ആരോപിച്ചു. ലുക്കൗട്ട് നോട്ടീസ് ഇറക്കിയ പ്രതി കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷവുമായി ഫെയ്‌സ്ബുക്കില്‍ അടക്കം സജീവമായി തന്നെ ഉണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.
ഫേയ്സ്ബുക്കില്‍ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പല കേസുകളിലും ഇത് പരിഗണിച്ചിട്ടുണ്ടെന്ന് പരാതിക്കാരി വാദിച്ചു. ഏതുകേസിലാണ് അങ്ങനെ ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. സമയം തന്നാല്‍ തനിക്കത് വ്യക്തമാക്കാനാകുമെന്ന് പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചു. ഇത് പരിഗണിച്ചാണ് രേഖകള്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച വരെ സമയം അനുവദിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here