വേടനെതിരായ പീഡന പരാതികള്‍ പോലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്; ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലഭിച്ച പീഡന പരാതികള്‍ പോലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രിയുടെ ഓഫീസ്. ലൈംഗിക അതിക്രമത്തിന് ഇരകളായെന്ന് വെളിപ്പെടുത്തി രണ്ടു യുവതികളാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇമെയിലിൽ പരാതി സമര്‍പ്പിച്ചത്. നേരില്‍ കാണണം എന്ന ആവശ്യവും ഇവര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് മടങ്ങി എത്തിയ ശേഷം കൂടിക്കാഴ്ച നടത്താം എന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന മറുപടി.
ദളിത് സംഗീതത്തില്‍ ഗവേഷണം ചെയ്യാനായി വിവരം തേടി ഫോണില്‍ ബന്ധപ്പെട്ട യുവതിയെ 2020 ഡിസംബറില്‍ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി വേടന്‍ അതിക്രമം നടത്തി എന്നാണ് ഒരു പരാതി. ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും വഴങ്ങാത്തപ്പോള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്ന് ഈ പരാതിയില്‍ പറയുന്നു. തന്റെ കലാപരിപാടികളില്‍ ആകൃഷ്ടനായെന്ന് പറഞ്ഞ്, ഇങ്ങോട്ട് താല്‍പര്യമെടുത്ത് ബന്ധം സ്ഥാപിച്ച വേടന്‍, പിന്നീട് ക്രൂരമായ അതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. രണ്ടു സംഭവങ്ങളും 2020-21 കാലഘട്ടത്തില്‍ ഉണ്ടായതാണ്. 2021ല്‍ വേടനെതിരെ ഉണ്ടായ മീ ടൂ (Me Too) വെളിപ്പെടുത്തലുകളുടെ ഭാഗമായി ഈ രണ്ടു പരാതിക്കാരും അതിക്രമ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
ALSO READ : വേടനെ മാതൃകയാക്കാൻ പറഞ്ഞ രാഹുൽ മാങ്കൂട്ടം എവിടെ; പീഡനകേസ് അറിഞ്ഞിട്ടും മിണ്ടാട്ടമില്ല
വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ പരാതിക്കാരി കക്ഷി ചേരണം എന്ന ആവശ്യം ഉന്നയിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. കൂടുതല്‍ രേഖകള്‍ ഹാജരാക്കണം എന്ന അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here