റാപ്പര്‍ വേടനെതിരായ വനം വകുപ്പ് നടപടി അതിരുകടന്നു; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റം

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന കണ്ടെത്തിലില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ സ്ഥലം മാറ്റാന്‍ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ ഉത്തരവിട്ടു. മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് നിര്‍ദേശം.
കേസില്‍ മാധ്യമങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്ത വിവരങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് നടപടി. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്‌മെന്റ്കള്‍ അന്വേഷണ നടക്കുന്നതിനിടെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് ശരിയായ അന്വേഷണ രീതിയല്ലെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് നടന്നത്. വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം.
വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലുളളത് പുലിപ്പല്ല് മാലയാണെന്ന് കണ്ടെത്തിയത്. ഇതോടെ മറ്റ് കേസുകളിലൊന്നും ഇല്ലാത്ത വേഗതയാണ് ഈ കേസില്‍ വനംവകുപ്പ് കാണിച്ചത്. കോടതിയും വനം വകുപ്പിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here