കുപ്പിയിൽ ദ്വാരം ഉണ്ടാക്കി; എലികൾ കുടിച്ചു തീർത്തത് 802 കുപ്പി മദ്യം…

ഝാര്‍ഖണ്ഡിലാണ് വിചിത്രമായ ഈ സംഭവം നടക്കുന്നത്. സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി നടത്തിയ സ്റ്റോക്ക് കണക്കെടുപ്പിലാണ് സംഭവം പുറത്തറിയുന്നത്. ബാലിയപൂരിലേക്കും പ്രധാന്‍കാന്തയിലേക്കും മദ്യം വിതരണം ചെയ്യുന്ന കടയിലാണ് 802 കുപ്പി മദ്യത്തിന്റെ കുറവുണ്ടെന്ന് സ്റ്റോക്ക് പരിശോധനയിൽ കണ്ടെത്തിയത് .
കുപ്പികളുടെ മൂടിയിൽ ദ്വാരമുണ്ടാക്കി എലികളാണ് മദ്യം കുടിച്ചതെന്നാണ് ഏജൻസി ഓപ്പറേറ്റർ വ്യക്തമാക്കിയത്. എന്നാൽ ഇത് അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. കൂടാതെ വ്യാപാരികളോട് നഷ്ടപരിഹാരം നൽകാനും അധികൃതർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ചു. 802 മദ്യക്കുപ്പികൾക്കും കേടുപാടുള്ളതായി പരിശോധനയിൽ കണ്ടെത്തി. ഏജൻസിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാംലീല റാവാനി പറഞ്ഞു.
എലികൾ മദ്യം കുടിച്ചു എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നതല്ലന്നും മദ്യക്കുപ്പികൾ വിതരണം ചെയ്യുന്ന ഏജൻസിക്ക് നോട്ടീസ് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംഭവം വിവാദമായതോടെ ബിജെപി രംഗത്തെത്തി. തട്ടിപ്പ് നടത്തിയവർക്കെതിരെ ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് ബിജെപിയുടെ വാദം. സത്യസന്ധമായ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here