ഇനി ‘നെറ്റ്‌വർക്ക് എറർ’ പ്രശ്നമാകില്ല; നെറ്റ് ഇല്ലാതെയും പേ ചെയ്യാം

അത്യാവശ്യത്തിന് പുറത്തേക്ക് ഇറങ്ങുമ്പോൾ പണം കറൻസിയായി കയ്യിൽ കരുതുന്ന ശീലം പലർക്കും നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് ആവശ്യമുണ്ടായാലും ഫോണിൽ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ഉണ്ടല്ലോ, അതാണ് ധൈര്യം. പക്ഷേ പല അത്യാവശ്യ ഘട്ടങ്ങളിലും ‘നെറ്റ്‌വർക്ക് എറർ, സെർവർ ഡൗൺ’ തുടങ്ങിയ സാങ്കേതിക വിഷയങ്ങൾ പണി തരാറുണ്ട് അല്ലെ?. ആ ഡിജിറ്റൽ തടസ്സങ്ങൾ ഇനിയില്ല! അതിനൊരു വിപ്ലവകരമായ പരിഹാരവുമായി വന്നിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ).
Also Read : ഫോൺപേക്കും ഗൂഗിൾപേക്കും സർവീസ് ചാർജ് ഈടാക്കിയേക്കും; സൂചന നൽകി ആർ ബി ഐ
ഡിജിറ്റൽ പേയ്മെൻ്റുകൾ ചെയ്യാൻ ഇനി മുതൽ 4G യോ 5G യോ വേണ്ട. ഇൻ്റർനെറ്റ് ഇല്ലാതെ പോലും പണം അയക്കാൻ കഴിയുന്ന സംവിധാനമാണ് ആർ.ബി.ഐ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഡിജിറ്റൽ രൂപ (e₹). കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ക്യു ആർ കോഡ് സ്കാൻ ചെയ്ത് എങ്ങനെ ഇന്റർനെറ്റില്ലാതെ പണം അയക്കാൻ കഴിയും? എങ്ങനെയാണ് ഡിജിറ്റൽ രൂപ പ്രവർത്തിക്കുന്നത്? നമുക്ക് നോക്കാം.
എന്താണ് ഡിജിറ്റൽ രൂപ?
ആർ.ബി.ഐ നേരിട്ട് ഇറക്കുന്നതും സാധാരണ കറൻസി പോലെ തന്നെ മൂല്യമുള്ളതുമായ ഡിജിറ്റൽ പണമാണ് ഡിജിറ്റൽ രൂപ. മൊബൈൽ ഫോണുകളിൽ ഡിജിറ്റൽ രൂപ മുൻകൂട്ടി ലോഡ് ചെയ്ത് വെക്കാനുള്ള ഡിജിറ്റൽ വാലറ്റാണ് ഇതിൻ്റെ അടിസ്ഥാന ഘടകം. ആദ്യ ഘട്ടമായി SBI, HDFC, ICICI തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലാണ് ആർ.ബി.ഐ ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഡിജിറ്റൽ രൂപ എങ്ങനെ ഉപയോഗിക്കാം?
വാലറ്റ് ലോഡ് ചെയ്യുക : യൂസർ ഫ്രണ്ട്ലിയായി ഇത് ഉപയോഗിക്കാൻ കഴിയും എന്നതാണ് സവിശേഷത. ഇതിന് വേണ്ടി ആദ്യം തന്നെ ബാങ്കുകളുടെ ഡിജിറ്റൽ രൂപ ആപ്പ് (Digital Rupee app) ഡൗൺലോഡ് ചെയ്യുക. ശേഷം, ബാങ്ക് അക്കൗണ്ടിൽ നിന്ന് ആവശ്യമുള്ള തുക നിങ്ങളുടെ ഡിജിറ്റൽ വാലറ്റിലേക്ക് ‘ലോഡ്’ ചെയ്യുക. ഈ ലോഡ് ചെയ്യുന്ന പ്രക്രിയക്ക് മാത്രമാണ് ഇൻ്റർനെറ്റ് കണക്ഷൻ ആവശ്യമായുള്ളത്.
ഓഫ്‌ലൈൻ മോഡ് തിരഞ്ഞെടുക്കുക : ഇനി നിങ്ങൾ നെറ്റ്‌വർക്ക് ഇല്ലാത്ത ഒരിടത്തെത്തി പേയ്മെൻ്റ് നടത്താൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ഡിജിറ്റൽ വാലറ്റ് ആപ്പ് തുറന്ന് ‘ഓഫ്‌ലൈൻ മോഡ്’ (Offline Mode) തിരഞ്ഞെടുക്കുക.
QR കോഡ് സ്കാൻ ചെയ്യുക : തുടർന്ന് നിങ്ങൾക്ക് ആരുടെ അക്കൗണ്ടിലേക്ക് ആണോ പൈസ അയക്കേണ്ടത് അവരുടെ സാധാരണ UPI QR കോഡ് സ്കാൻ ചെയ്യുക.
തുകയും പിൻനമ്പരും നൽകുക : തുകയും പിൻനമ്പറും നൽകി ട്രാൻസാക്ഷൻ പിൻ നൽകി പേയ്‌മെന്റ് ‘കൺഫേം’ ചെയ്യുക.
ഉടനടി കൈമാറ്റം : നിങ്ങളുടെയും വ്യാപാരിയുടെയും മൊബൈൽ നിശ്ചിത ദൂരപരിധിക്കുള്ളിൽ ആയിരിക്കുമ്പോൾ, ബ്ലൂടൂത്ത് (Bluetooth) അല്ലെങ്കിൽ എൻ.എഫ്.സി (NFC) പോലുള്ള സാങ്കേതികവിദ്യകൾ വഴി ഇൻ്റർനെറ്റിൻ്റെ സഹായമില്ലാതെ തന്നെ പണം കൈമാറ്റം ചെയ്യപ്പെടുന്നു. പിന്നീട് ഇന്റർനെറ്റ് ഓൺ ആക്കുമ്പോഴേക്കും ആർ.ബി.ഐ ഈ ഇടപാട് വിവരങ്ങൾ സ്ഥിരീകരിക്കും.

ഡിജിറ്റൽ രൂപയുടെ മറ്റ് ആകർഷണങ്ങൾ
ഇതുമാത്രമല്ല മറ്റു ചില സവിശേഷതകൾ കൂടിയുണ്ട് ഇന്ത്യ പുതുതായി നടപ്പിലാക്കാൻ പോകുന്ന ഡിജിറ്റൽ രൂപക്ക്:
1. ഇടപാടുകൾക്ക് ഫീസില്ല.
2. മിനിമം ബാലൻസ് ആവശ്യമില്ല.
3. നഷ്ടപ്പെട്ടാൽ വാലറ്റ് വിവരങ്ങൾ തിരികെ എടുക്കാൻ സാധിക്കും.
4. സർക്കാർ സഹായങ്ങൾ പോലുള്ള പണമിടപാടുകൾ ഒരു പ്രത്യേക ആവശ്യത്തിനായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്രോഗ്രാമബിൾ ഫീച്ചറുകൾ ഇതിനുണ്ടാകാം.
രാജ്യത്തിൻ്റെ വിദൂര ഗ്രാമങ്ങളിലേക്ക് പോലും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം എത്തിക്കാൻ പുതിയ ഡിജിറ്റൽ രൂപക്ക് കഴിയുമെന്ന് ഉറപ്പാണ്. ഇതൊരു വിപ്ലവമാണ്. പേപ്പർ കറൻസിയുടെ വിശ്വാസ്യതയും ഡിജിറ്റൽ പേയ്മെൻ്റിൻ്റെ സൗകര്യവും സമന്വയിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കൂടുതൽ വിപുലീകരിക്കാൻ കഴിയുന്ന ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം!

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here