എടപ്പാടി പളനിസ്വാമിയുമായി ഒന്നിക്കാൻ തയ്യാർ; നിലപാട് വ്യക്തമാക്കി പനീർസെൽവം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം . എടപ്പാടി കെ പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെയിൽ ലയിക്കാൻ താൻ തയ്യാറാണെന്ന് പനീർസെൽവം വ്യക്തമാക്കി. പാർട്ടിയുടെ ഐക്യത്തിനും തമിഴ്‌നാടിന്റെ നന്മയ്ക്കും വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡിഎംകെയിൽ ചേരാൻ താൻ തയ്യാറാണ്. എന്നാൽ അവർ തന്നെ സ്വീകരിക്കുമോ എന്നാണ് പനീർസെൽവം ചോദിച്ചത്. പാർട്ടി ഒറ്റക്കെട്ടായി നിൽക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയലളിതയുടെ മരണശേഷം പാർട്ടിയിൽ ഉണ്ടായ അധികാരത്തർക്കത്തെ തുടർന്ന് 2022ലാണ് പനീർസെൽവത്തെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് പളനിസ്വാമി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.
പനീർസെൽവത്തിന്റെ മടങ്ങിവരവിനോട് പളനിസ്വാമി വിഭാഗം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പുറത്താക്കപ്പെട്ട നേതാക്കളെ തിരിച്ചെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് നിലവിൽ പാർട്ടി നേതൃത്വം. 2026ൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ നിരയിൽ ഐക്യമുണ്ടാകുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിലേക്ക് പനീർസെൽവം എത്താനുള്ള സാധ്യതയെക്കുറിച്ച് എഎംഎംകെ നേതാവ് ടിടിവി ദിനകരനും സൂചന നൽകി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായാണ് പനീർസെൽവത്തിന്റെ ഈ പുതിയ നീക്കത്തെ വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here