കള്ള ആധാരം എഴുതിയോ? ജവഹർ നഗർ വ്യാജരേഖ തട്ടിപ്പിൽ അനന്തപുരി മണികണ്ഠനും? മൗനം വെടിയാതെ കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം ജവഹർ നഗറിൽ വ്യാജരേഖ ചമച്ച് വീടും വസ്തുവും തട്ടിയെടുത്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ആധാരം എഴുത്തുകാരനുമായ അനന്തപുരി മണികണ്ഠന് പങ്കുണ്ടെന്ന് പോലീസിന് സൂചന. മെറിൻ ജേക്കബിനു വേണ്ടി വ്യാജ ആധാരം ഉണ്ടാക്കിയത് മണികണ്ഠൻ ആണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ മെറിൻ ജേക്കബും വട്ടപ്പാറ സ്വദേശി വസന്തയുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ മണികണ്ഠനെ പ്രതി ചേർക്കുമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.
ഇത്ര ഗുരുതരമായ ആരോപണം ഉയർന്നിട്ടും കോൺഗ്രസ് നേതൃത്വം നടപടിയെടുക്കുകയോ, ഒരു വിശദീകരണം നടത്തുകയോ ചെയ്തിട്ടില്ല. അനന്തപുരി മണികണ്ഠൻ സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥനെ സ്വാധീനിച്ചാണ് റജിസ്ട്രേഷൻ നടത്തിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ അനുയായിയായ മണികണ്‌ഠൻ കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റുകാൽ വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവും അവരുടെ വളർത്തുമകളെന്ന വ്യാജേനയാണ് പ്രതി മെറിൻ തട്ടിയെടുക്കാൻ ശ്രമിച്ചത്. പിതാവ് അസറിയയിൽനിന്ന് പാരമ്പര്യമായി കിട്ടിയ ഭൂമിയാണ് തട്ടിയെടുത്തതെന്ന് ഡോറ അസറിയ ക്രിപ്‌സ് പരാതിയിൽ പറയുന്നു. ഭൂമി നോക്കിനടത്താൻ ബന്ധുവായ അമർനാഥ് പോളിനെ ഏൽപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ കരമടയ്‌ക്കാൻ ഇയാൾ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഭൂമി മറ്റൊരാളുടെ ഉടമസ്ഥതയിലായെന്ന് അറിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here