സ്കൂളിനുമുന്നിലെ ‘മോദി ഫോട്ടോ’ പിഎം ശ്രീ-ക്ക് മസ്റ്റ്!! ഇടതു വിരോധത്തിന് കാരണം ഇതുമാത്രമോ? അറിയാം പദ്ധതിയെക്കുറിച്ച്…

ഒരൊറ്റ സർക്കാർ സ്കൂളിൻ്റെ വികസനത്തിന് ഒരോ വർഷവും 85 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ധനസഹായം. ഇതിലൂടെ സ്മാർട്ട് ക്ലാസ് മുറികൾ, സയൻസ് ലാബുകൾ, കായിക സൗകര്യങ്ങൾ തുടങ്ങി പുതിയ കാലത്ത് കുട്ടികൾക്ക് ആവശ്യമായതെല്ലാം ഉറപ്പാക്കാം, പിഎം ശ്രീ പദ്ധതിയിൽ ചേർന്നാൽ.

ചോർന്നൊലിച്ചും ഇടിഞ്ഞുവീണും പരാധീനതകളിൽ പൊറുതിമുട്ടുന്ന സർക്കാർ സ്കൂളുകൾക്ക് മോചനത്തിന് ഇതൊരു വഴിയാകുമെന്ന തികച്ചും നിഷ്കളങ്ക വിചാരമാണോ ശിവൻകുട്ടി അപ്പൂപ്പനെന്ന് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്ന കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രിയുടെ മനസിലുളളത്. അല്ലേയല്ല, അധ്യാപകർ അടക്കം ജീവനക്കാരുടെ ശമ്പളത്തിന് പോലും വഴികാണാത്ത വകുപ്പും സർക്കാരും തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചുനിൽക്കാനൊരു കച്ചിത്തുരുമ്പായി കൂടിയാണ് ഇതിനെ കാണുന്നത്.

കേന്ദ്ര പദ്ധതികളിൽ പലതിൻ്റെയും കാര്യത്തിലെന്നത് പോലെ പിഎം ശ്രീ പദ്ധതിക്കെതിരെയും ആദ്യം പ്രതിഷേധം ഉയർത്തിയവരിൽ ഇടതു പാർട്ടികളാണ് ഉണ്ടായിരുന്നത്. കേന്ദ്രവുമായി കരാറിൽ ഒപ്പിടാൻ കേരളം മടിച്ചുനിന്നപ്പോൾ, സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയാണ് തമിഴ്നാട് ചെയ്തത്. ഇത്രയെല്ലാം തർക്കവിഷയമായിരിക്കുന്ന സാഹചര്യത്തിൽ പരിശോധിക്കാം, എന്താണ് ഈ പദ്ധതി, എന്താണിത്ര വിവാദമാകാൻ കാരണം.

‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ’ അഥവാ പിഎം ശ്രീ എന്ന പദ്ധതി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ എന്ന് പ്രഖ്യാപിച്ചാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം… ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി) വിഭാവനം ചെയ്യുന്ന വിധത്തിൽ മാതൃകാ വിദ്യാലയങ്ങൾ സൃഷ്ടിക്കുക എന്നതാണ് പിഎം ശ്രീ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 14,500-ൽ അധികം സ്കൂളുകളെയാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. തിരഞ്ഞെടുത്ത സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ഈ സ്കൂളുകൾക്ക് സമീപത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് മാർഗ്ഗനിർദ്ദേശവും നേതൃത്വവും നൽകാൻ സാധിക്കും.

അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു സ്കൂളിന് അഞ്ച് വർഷത്തേക്ക് പ്രതിവർഷം 85 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ധനസഹായം ലഭിക്കും. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, സയൻസ് ലാബുകൾ, കായിക സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കും. കുട്ടികളെ കേന്ദ്രീകരിച്ചുള്ള, അനുഭവത്തിലൂടെയുള്ള, അന്വേഷണാധിഷ്ഠിതമായ പഠനരീതിക്ക് പ്രാധാന്യം നൽകും. പരിസ്ഥിതി സൗഹൃദപരമായ സമീപനങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കും. സൗരോർജ്ജ പാനലുകൾ, ജലസംരക്ഷണം, മാലിന്യ സംസ്കരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. വിദ്യാർത്ഥികളെ 21-ാം നൂറ്റാണ്ടിലെ തൊഴിൽ സാധ്യതകൾക്കായി ഒരുക്കുന്ന പരിശീലനവും കരിക്കുലവും നൽകും.

ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഇത്രയേറെ ആകർഷകമെന്ന് തോന്നിക്കുന്ന പദ്ധതിയെ കേരളം എതിർക്കുന്നതിന് കാരണമെന്താണ്, നോക്കാം.

പദ്ധതിയുടെ സാമ്പത്തിക നേട്ടം വിദ്യാർത്ഥികൾക്ക് ഗുണകരമാകുമെങ്കിലും, രാഷ്ട്രീയപരവും നയപരവുമായ കാരണങ്ങളാലാണ് കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങൾ വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള ധാരണാപത്രം (എംഒയു) ഒപ്പിടണമെങ്കിൽ ദേശീയ വിദ്യാഭ്യാസ നയം അഥവാ എൻഇപി കേരളത്തിൽ നടപ്പിലാക്കാൻ സമ്മതിക്കണം. വിദ്യാഭ്യാസം കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്രത്തിന് സ്വമേധയാ അടിച്ചേൽപിക്കാൻ കഴിയില്ല. അതിനാലാണ് ഫണ്ട് തടഞ്ഞുവച്ചും മറ്റും സമ്മർദ്ദം ഉണ്ടാക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷം എൻഇപിക്ക് എതിരാണ്. കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കാണുന്നത്. പദ്ധതിയിൽ ഉൾപ്പെടുന്ന സ്കൂളുകൾക്ക് മുന്നിൽ ‘പിഎം ശ്രീ സ്കൂൾ’ എന്ന് ബോർഡ് വെക്കേണ്ടി വരും എന്നതും സർക്കാരിൻ്റെ എതിർപ്പിനൊരു പ്രധാന കാരണമാണ്.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനെ തുടർന്ന്, സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ) വഴിയുള്ള മറ്റ് കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചു. ഏകദേശം 1500 കോടി രൂപയുടെ കേന്ദ്രവിഹിതം ഇങ്ങനെ കുടിശ്ശികയായതോടെ ആണ് പദ്ധതിയിൽ ചേരുന്നതിനെപ്പറ്റി കേരളം ആലോചിച്ചത്. ഈ തുക നഷ്ടപ്പെടുന്നത് വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തെ അടക്കം പ്രതിസന്ധിയിലാക്കി. ഇതോടെയാണ് കരാർ ഒപ്പിടാൻ തീരുമാനിച്ചത്.

പിന്നാലെ കടുത്ത എതിർപ്പുമായി സിപിഐ പരസ്യമായി രംഗത്തെത്തി. എൻഇപിയുടെ കാതലായ ഭാഗങ്ങൾ നടപ്പാക്കാൻ സർക്കാർ വഴങ്ങരുത് എന്നാണ് ആവശ്യം. ഒപ്പിട്ടാലും, കേരളത്തിന്റെ പൊതു വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നതോ, കേരളം അംഗീകരിക്കാത്തതോ ആയ ഒന്നും നടപ്പാക്കില്ല എന്നാണ് മന്ത്രിയുടെ വിശദീകരണം. ലഭിക്കേണ്ട കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്നും ഉറപ്പിച്ച് പറയുന്നു. പന്തിപ്പോൾ മുഖ്യമനന്ത്രിയുടെ കോർട്ടിലാണ്. ഉചിതമായൊരു തീരുമാനം അദ്ദേഹത്തിൽ നിന്നുണ്ടാകും എന്നാണ് ഇപ്പോഴും സിപിഐയുടെ പ്രതീക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top