യെമന്‍ തടഞ്ഞുവെച്ച മലയാളിയെ മോചിപ്പിച്ചു; അഞ്ച് മാസത്തെ നരകയാതനകൾക്ക് വിരാമം!

യെമനിലെ ഹൂതി വിമതരുടെ തടവിലായിരുന്ന മലയാളിയായ അനിൽകുമാർ രവീന്ദ്രനെ മോചിപ്പിച്ചു. സമുദ്ര നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് തടങ്കലിൽ വച്ചത്. അഞ്ച് മാസത്തെ തടങ്കലിന് ശേഷമാണ് ഇദ്ദേഹം മോചിതനായത്. ആലപ്പുഴ കായംകുളം സ്വദേശിയായ അനിൽകുമാറിനെ മസ്കറ്റിൽ എത്തിച്ചു. ഉടൻ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

‘എറ്റേണിറ്റി സി’ എന്ന ചരക്ക് കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്നു അനിൽകുമാർ. ഇസ്രായേലിലെ ഇലാത്ത് തുറമുഖത്തേക്ക് പോവുകയായിരുന്ന ഈ കപ്പൽ, ചെങ്കടലിൽ വെച്ച് ഹൂതി വിമതർ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. 2025 ജൂലൈ 7 മുതലാണ് ഹൂതി നിയന്ത്രിത യെമൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിൽ അനിൽകുമാർ രവീന്ദ്രൻ അകപ്പെട്ടത്. ഇസ്രായേൽ-ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം ശക്തമായപ്പോഴാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

കപ്പലിൽ ഇന്ത്യ, ഫിലിപ്പീൻസ്, റഷ്യ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി അഗസ്റ്റിൻ ഉൾപ്പെടെ ആറ് പേരെ യൂറോപ്യൻ യൂണിയൻ നാവികസേന ഒരാഴ്ചയ്ക്കകം രക്ഷപ്പെടുത്തി. എന്നാൽ, അനിൽകുമാർ ഉൾപ്പെടെ 11 ജീവനക്കാർ ഹൂതികളുടെ തടങ്കലിൽ തുടരുകയായിരുന്നു. കപ്പൽ മേഖലയിലേക്ക് വരുന്നതിന് മുൻപ് അനിൽകുമാർ 19 വർഷം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വിദേശകാര്യ മന്ത്രാലയമാണ് അനിലിന്റെ മോചനം സ്ഥിരീകരിച്ചത്. സുരക്ഷിതമായ മോചനത്തിനായി കേന്ദ്ര സർക്കാർ വിവിധ കക്ഷികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു എന്നും മന്ത്രാലയം അറിയിച്ചു. മോചനത്തിന് സൗകര്യമൊരുക്കിയ ഒമാൻ സുൽത്താന് ഇന്ത്യ നന്ദി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top